തിരുവനന്തപുരം: കൊറോണ ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽവോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ. വോട്ടറെ എസ്എംഎസ് മുഖേന മുൻകൂട്ടി അറിയിച്ചശേഷം തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ടുകവറുകൾ, അപേക്ഷാഫോറം എന്നിവയുമായി പ്രിസൈഡിങ് ഓഫീസർ പദവിയിലുള്ള ഉദ്യോഗസ്ഥരെത്തി വോട്ടു ചെയ്യിപ്പിച്ച് നടപടികൾ വീഡിയോയിൽ ചിത്രീകരിക്കും. പോലീസ് സുരക്ഷയുമുണ്ടാകും.
വോട്ടെടുപ്പിന് മൂന്നുദിവസം മുമ്പ്, ശേഷമുള്ളവർ എന്നിങ്ങനെ കൊറോണ ബാധിതരെ രണ്ടായി തിരിച്ചാണ് ക്രമീകരണം. ആദ്യവിഭാഗത്തിലുള്ളവരെയാണ് ഉദ്യോഗസ്ഥർ സന്ദർശിച്ച് വോട്ടുചെയ്യിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പോളിങ്ങിന് പത്തുദിവസംമുമ്പത്തെ കൊറോണ രോഗികളുടെ വിവരങ്ങൾ ശേഖരിക്കും.
തുടർന്ന് ഓരോപ്രദേശത്തേയും തുടർച്ചയായി ആറുദിവസം നിരീക്ഷിക്കും. വരണാധികാരികൾക്ക് ലഭ്യമാകുന്ന രോഗികളുടെ വിവരങ്ങൾ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകണം. ഇത് അംഗീകരിച്ചാണ് തപാൽവോട്ടുചെയ്യേണ്ടവരുടെ വിവരങ്ങൾ വരണാധികാരിക്ക് നൽകുന്നത്.
അന്ധതപോലുള്ള വൈകല്യമുള്ളവർക്ക് വോട്ടുചെയ്യാൻ വിശ്വസ്തനായ സഹായിയയെ തേടാം. ക്രോസ്, ടിക് മാർക്കിലൂടെ വോട്ടുരേഖപ്പെടുത്താം. വോട്ടെടുപ്പിന് തൊട്ടു മുമ്പുള്ള ദിവസം പോസിറ്റീവാകുന്ന രണ്ടാം വിഭാഗത്തിലുള്ളവർക്ക് പോളിങ്ങിന്റെ അവസാനത്തെ മണിക്കൂറിൽ ബൂത്തിലെത്തി വോട്ടുചെയ്യാം.
സർക്കാർ പരിഗണിക്കുന്ന നിർദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച ഭേദഗതികളും പരിശോധിച്ച്, കൊറോണ ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും തപാൽ ബാലറ്റിന്റെ അന്തിമചട്ടങ്ങൾ ഉടൻ പുറത്തിറക്കുന്നതിന്റെ ചർച്ചകൾ നടക്കുകയാണ്. വോട്ടെടുപ്പിന് രണ്ടുദിവസം മുൻപ് തപാൽവോട്ട് അവസാനിപ്പിക്കണമെന്നാണ് സർക്കാർ ആലോചിക്കുന്നതെങ്കിലും പോളിങ്ങിന് തലേന്നു മൂന്നുവരെ അവസരം നൽകണമെന്നാണ് കമ്മിഷന്റെ നിലപാട്.
തപാൽ ബാലറ്റുമായി ഉദ്യോഗസ്ഥരെത്തുമ്പോൾ വോട്ടറെ കാണാനായില്ലെങ്കിൽ ഒരിക്കൽക്കൂടിയെത്തും. രണ്ടാംവരവിലും രോഗിയെ കണ്ടില്ലെങ്കിൽ പിന്നീട് അവസരമുണ്ടാകില്ല. പോളിങ്ങിന് തൊട്ടുമുമ്പ് പോസിറ്റീവാകുന്നവർ സർക്കാർ ആശുപത്രിയിലാണെങ്കിൽ ബൂത്തിലെത്തിക്കാൻ സർക്കാർ ക്രമീകരണമൊരുക്കിയേക്കും. സ്വകാര്യ ആശുപത്രിയിലാണെങ്കിൽ സ്വമേധയാ എത്തേണ്ടിവരും.