പെർത്ത്: കൊറോണ ഭീതിയക്കു പിന്നാലെ കുട്ടികൾക്ക് ഭീതിയായി അഞ്ചാംപനി. പുതുവര്‍ഷത്തില്‍ അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. കൊറോണയുടെ പശ്ചാത്തലത്തില്‍ അഞ്ചാം പനിയ്ക്ക് കുട്ടികള്‍ക്ക് പതിവായി നല്‍കി വരുന്ന പ്രതിരോധ കുത്തിവയ്പ്പ് കാര്യക്ഷമമായി നടന്നിട്ടില്ല. നിരവധി കുട്ടികള്‍ക്കാണ് അഞ്ചാം പനിയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് നഷ്ടമായത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പോകാന്‍ മടിക്കുന്നത് കാരണം നിരവധി കുട്ടികള്‍ക്കാണ് ഇക്കുറി അഞ്ചാം പനിക്കെതിരെയുള്ള കുത്തിവയ്പ് നഷ്ടമായത്. അത് കൊണ്ട് തന്നെ 2021 തുടക്കത്തില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ അഞ്ചാംപനി പടരാന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ഈ വര്‍ഷം ഒട്ടുമിക്ക കുട്ടികളും അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതിരുന്നതിനാല്‍ അഞ്ചാംപനി പടരാനുള്ള സാധ്യത കൂടുതലാണ്…” – ഓസ്‌ട്രേലിയയിലെ മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകന്‍ കിം മുല്‍ഹോളണ്ട് പറഞ്ഞു.
കൊറോണ വൈറസ് പോലെ തന്നെ മൂക്കിലൂടെയാണ് ഈ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇതിന് തടയിടാന്‍ കുത്തിവയ്പ്പ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ക്ക് രാജ്യാന്തര സമൂഹം തയ്യാറാകണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2020 ഒക്ടോബര്‍ അവസാനത്തോടെ 26 രാജ്യങ്ങളില്‍ വാക്സിനേഷന്‍ പ്രചാരണം വൈകിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കുത്തിവയ്പ്പ് വൈകിയതിന് പിന്നാലെ 9.4 കോടി കുട്ടികള്‍ക്കാണ് ഇത്തവണ വാക്‌സിനേഷന്‍ നഷ്ടമായതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.