കോഴിക്കോട് കോർപറേഷനിലെ വലിയങ്ങാടി വാർഡിൽ നിന്ന് മത്സരിക്കുന്ന അലന്‍റെ പിതാവ് മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല. വലിയങ്ങാടിയിൽ കോൺഗ്രസിലെ എസ് കെ അബൂബക്കർ മത്സരിക്കും. അതേസമയം മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വിദ്യാ ബാലകൃഷ്ണൻ ഇത്തവണ മത്സര രംഗത്തില്ല. യൂത്ത് കോൺഗ്രസ് ചുമതലയുള്ളതിനാൽ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വിദ്യ അറിയിച്ചു.
കോഴിക്കോട് കോർപറേഷനിലെ പുഞ്ചപ്പാടം, വലിയങ്ങാടി വാർഡുകളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെതിരെ ഐ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിന് പരാതി നൽകും. ഐയുടെ കയ്യിലുണ്ടായിരുന്ന രണ്ട് വാർഡുകളും എ ഗ്രൂപ്പ് ഏറ്റെടുത്തെന്നാണ് ആക്ഷേപം.
സി.പി.എമ്മിന്‍റെ നയവ്യതിയാനത്തിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥിയാകുന്നതെന്ന് മുഹമ്മദ് ഷുഹൈബ് നേരത്തെ പ്രതികരിച്ചിരുന്നു. അലനെ പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയിരുന്നു. സിപിഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.