ലക്നൗ: അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ ജൂനിയർ എൻജിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. അഞ്ചുമുതൽ 16 വയസ്സുവരെ പ്രായമുളള കുട്ടികളെയാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇയാൾ പീഡിപ്പിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാളെ ബാംന്ദയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇയാൾ തനിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം.
ഡാർക്ക് നെറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളളവർക്ക് കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന വീഡിയോകൾ ഇയാൾ വിൽക്കുകയും പങ്കുവെക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ചിത്രകൂട്, ഹമിർപുർ, ബാംന്ദാ എന്നീ മൂന്നുജില്ലകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ട് മൊബൈൽ ഫോണുകളും എട്ടുലക്ഷത്തോളം രൂപയും സെക്സ്ടോയികളും ലാപ്ടോപ്പും മറ്റു ഡിജിറ്റൽ തെളിവുകളും കണ്ടെത്തി. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ വലിയശേഖരമാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
കുട്ടികളെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നൽകി പ്രലോഭിപ്പിച്ചാണ് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.