തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയേക്കില്ല. അനുകൂല വിധിക്ക് സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം സുപ്രീം കോടതിയെ സമീപിക്കാൻ എയർപോർട്ട് എംപ്ലോയീസ് യൂണിയൻ തീരുമാനിച്ചു.
തിരുവനന്തപുരം വിമനാത്താവളം അദാനിക്ക് വിട്ടു നൽകുന്നതിനെതിരെ തുടക്കം മുതൽ കടുത്ത എതിർപ്പുയർത്തിയ സംസ്ഥാന സർക്കാരാണ് ഒടുവിൽ കേന്ദ്ര നിലപാടിന് മുന്നിൽ കീഴടങ്ങുന്നത്. പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി ഇതുവരെ പ്രതിരോധം തീർത്ത സർക്കാർ ഇനി ഈ നീക്കങ്ങൾ പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിലാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിട്ട് ഏകദേശം ഒരു മാസമായി.
സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കം സർക്കാർ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്. സുപ്രീം കോടതിയിൽ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
സർക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെക്കുറിച്ച് ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള വിമാനത്താവള ആക്ഷൻ കൗൺലിന്റെ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിൽ വിമാനത്താവള സ്വകാര്യവത്ക്കരണം സിപിഎമ്മും ബിജെപിയും പ്രധാന രാഷ്ട്രീയ വിഷയമാക്കുമ്പോഴാണ് സർക്കാരിന്റെ തീരുമാനം.