ന്യൂഡെല്‍ഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് നടന്നത്. ഡെല്‍ഹിയിലെ സരയ്കാലെ ഖാനില്‍ വെച്ചാണ് ഇവരെ പിടികൂടിയാണ്. ഇരുവരും ജമ്മുകാശ്മീര്‍ സ്വദേശികളാണ്. 22കാരനായ അബ്ദുള്‍ ലത്തീഫ്, 20കാരനായ അഷ്‌റഫ് ഖട്ടാന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടുപേരും ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡെല്‍ഹിയില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരുടെ പദ്ധതികളെന്തായിരുന്നുവെന്നും കൂടുതല്‍ പേര്‍ ഉണ്ടോയെന്നുള്ള അന്വേഷണത്തിനായി ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സരയ്കാലെ ഖാനിന് അടുത്തുള്ള മില്ലേനിയം പാര്‍ക്കില്‍ നിന്ന് രാത്രി പത്തരയോടെയാണ് ഇരുവരെയും പിടികൂടുന്നത്. രണ്ട് ഓട്ടോമാറ്റിക് തോക്കുകളും പത്ത് വെടിയുണ്ടകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റിലും ഡെൽഹിയിൽ ഭീകരര്‍ പിടിലായിരുന്നു. രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താനെത്തിയ ഐഎസ് ഭീകരനെയാണ് അന്ന് പോലീസ് പിടികൂടിയത്. പതിനഞ്ച് കിലോ സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. ഭീകരവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ നേരത്തെ പാക് അധിനിവേശ കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരുടെ ദൗത്യത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു.