തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മേധാവി ബിഷപ്പ് കെപി യോഹന്നാന് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നിർദേശം. കഴിഞ്ഞ ആഴ്ച ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നാല് ദിവസങ്ങള്‍ തുടര്‍ച്ചയായി ബിലിവേഴ്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ 14 കോടി രൂപയോളം വരുന്ന കളളപ്പണവും പരിശോധനകളില്‍ പിടിച്ചെടുത്തിരുന്നു. രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ അടക്കമാണ് കണ്ടെടുത്തത്. തിരുവല്ലയിലെ ആസ്ഥാനത്തു നിന്നാണ് പണത്തിന്റെ ഏറിയ പങ്കും പിടിച്ചെടുത്തത്.
തുടര്‍ നടപടികളുടെ ഭാഗമായി സാമ്പത്തിക വിനിമയ ഇടപാടുകള്‍ക്കും ഉന്നതതല യോഗം ചേരുന്നതിനും ആദായനികുതി വകുപ്പ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 60 ദിവസത്തിനുള്ളില്‍ പരിശോധന പുനരാരംഭിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഷപ്പ് കെ.പി യോഹന്നാന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിഷപ്പിന്‍റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.
സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ.പി യോഹന്നാന്‍റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.