കനത്ത മഞ്ഞില്‍ കുടുങ്ങിയ ഗ്രാമവാസികളെ രക്ഷപ്പെടുത്താനായി പൊലീസും സൈന്യവും നടന്നത് അഞ്ച് മണിക്കൂർ

ന്യൂഡെൽഹി: കനത്ത മഞ്ഞില്‍ കുടുങ്ങിയ ഗ്രാമവാസികളെ രക്ഷപ്പെടുത്താനായി പൊലീസും സൈന്യവും നടന്നത് അഞ്ച് മണിക്കൂര്‍. സിന്‍താന്‍ പാസിന് സമീപം ചിംഗാമിലേക്ക് പോകുന്ന വഴിയില്‍ ദേശീയ പാത 244ലാണ് പത്ത് പേര്‍ കുടുങ്ങിയത്. റോഡില്‍ മഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതോടെ പ്രദേശവാസികളായ പത്തോളം പേരാണ് കനത്ത മഞ്ഞില്‍ റോഡില്‍ കുടുങ്ങിയത്.

കാലാവസ്ഥ മോശമാവുക കൂടി ചെയ്തതോടെ അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞില്‍ കുടുങ്ങിയ ഇവരെ പുറത്തെത്തിച്ചത് പൊലീസിന്‍റേയും സൈന്യത്തിന്‍റേയും കൂട്ടായ പരിശ്രമത്തിലൂടെയാണ്. ഇതിനായി കനത്ത മഞ്ഞിലൂടെ അഞ്ച് മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തകര്‍ ഇരുട്ടിലൂടെ നടന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ രക്ഷപ്പെടുത്തി സിന്‍താനിലെത്തിച്ചു. ഇവരെ പ്രാഥമിക ചികിത്സകൾ നല്‍കി വരികയാണ്. ജമ്മു, കശ്മീര്‍ മേഖലയില്‍ നിരവധിയിടങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് നേരിടുന്നത്.

ഗുല്‍മാര്‍ഗിലും പഹല്‍ഗാമിലും കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറായി നേരിടുന്നത് രൂക്ഷമായ മഞ്ഞ് വീഴ്ചയാണ്. കശ്മീരിലെ ഉയര്‍മ്മ മേഖലകളിലെല്ലാം മലയിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുപ്വാര, ബന്ദിപൊര മേഖലയിലും മലയിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായാണ് നടക്കുന്നത്. പലപ്രധാനറോഡുകളിലും മഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.