പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ നാലാംതവണയാണ് നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. ബിജെപി നേതാക്കളായ താര്‍കിഷോര്‍ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർമോദിയെ തഴഞ്ഞത് ഒരു വിഭാഗത്തിൽ അസ്വസ്ഥത ത പടർത്തി.
കത്തിഹാര്‍ എംഎല്‍എ താര്‍കിഷോര്‍ പ്രസാദിനെ നിയമസഭാകക്ഷി നേതാവായും ബെത്തിയയില്‍ നിന്ന് വിജയിപ്പിച്ച രേണു ദേവിയെ ഉപനേതാവായും ബിജെപി തിരഞ്ഞെടുത്തിരുന്നു. ബിജെപിക്ക് 18 ഉം ജെഡിയുവിന് 12 ഉം മന്ത്രിസ്ഥാനമാണ് ലഭിക്കുക എന്നാണ് സൂചന. മന്ത്രിസഭയിലെ 14 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്നിഹിതനായിരുന്നു.
ബിജെപിയില്‍ നിന്ന് ഉപമുഖ്യമന്ത്രിമാരെ കൂടാതെ മംഗള്‍ പാണ്ഡെയും രാംപ്രീത് പാസ്വാനും സത്യപ്രതിജ്ഞ ചെയ്തു.മേവാലന്‍ ചൗധരി, ഷീല മണ്ഡല്‍, വിജേന്ദ്ര യാദവ്, അശോക് ചൗധരി, എന്നിവരാണ് ജെഡിയുവില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ജെഡിയുവിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം അധികാരം ഉറപ്പിച്ചത്.
അതേ സമയം ബിഹാറിൽ ഒഴിവാക്കപ്പെട്ട സുശീൽ കുമാർമോദിയെ ബിജെപി കേന്ദ്ര നേതൃത്വത്തിലേക്കോ കേന്ദ്രമന്ത്രിസഭയിലോ ഉൾപ്പെടുത്താനിടയുണ്ടെനാണ് സൂചന. വരും ദിവസങ്ങളിൽ ഇതിൻ്റെ പേരിൽ പൊട്ടിത്തെറിയുണ്ടാകാനിടയുണ്ടെന്ന് കരുതുന്നവർ ഏറെയാണ്.