കു​ഫോ​സ് മു​ൻ ര​ജി​സ്​​ട്രാ​റെ തുടരാൻ മൗനാനുവാദം നൽകിയ സർക്കാരും വെട്ടിലായി

കൊ​ച്ചി: സർക്കാർ അധികാരത്തിൽ വന്നപ്പോൾ സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാർമാരെയും മാറ്റിയിട്ടും വി​ര​മി​ക്ക​ൽ പ്രാ​യം ക​ഴി​ഞ്ഞ കേ​ര​ള ഫി​ഷ​റീ​സ്, സ​മു​ദ്ര​പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല (കു​ഫോ​സ്) മു​ൻ ര​ജി​സ്​​ട്രാ​റെ തുടരാൻ മൗനാനുവാദം നൽകിയ സർക്കാരും സർവ്വകലാശാലയും ഒടുവിൽ വെട്ടിലായി. ചട്ടം ലം​ഘി​ച്ച്​ ര​ണ്ട്​ വ​ർ​ഷം കൂ​ടു​ത​ൽ പ​ദ​വി​യി​ൽ തു​ട​ർന്ന രജിസ്ട്രാറുടെ വിവരം വിവാദമായപ്പോൾ ഒടുവിൽ സർക്കാർ നടപടിയും. 45 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ആ​നു​കൂ​ല്യം കൈ​പ്പ​റ്റിയ കേ​ര​ള ഫി​ഷ​റീ​സ്, സ​മു​ദ്ര​പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല (കു​ഫോ​സ്) മു​ൻ ര​ജി​സ്​​ട്രാ​ർ​ക്കെ​തി​രെയാണ് ഇപ്പോൾ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശം നൽകിയത്.

ഓ​ഡി​റ്റ്​ വി​ഭാ​ഗ​ത്തി​ൻ്റെ റി​പ്പോ​ർ​ട്ടി​ൻ്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മു​ൻ ര​ജി​സ്​​ട്രാ​ർ വി​ക്​​ട​ർ ജോ​ർ​ജ്​ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 2014 ഫെ​​ബ്രു​വ​രി 19നാ​ണ്​ ഡോ. ​വി​ക്​​ട​ർ ജോ​ർ​ജ്​ ഡെ​പ്യൂ​​ട്ടേ​ഷ​നി​ൽ കു​ഫോ​സ്​ ര​ജി​സ്​​ട്രാ​റാ​യി എ​ത്തി​യ​ത്.

പ​ദ​വി​യി​ൽ അ​ഞ്ച്​ വ​ർ​ഷം അ​ല്ലെ​ങ്കി​ൽ 56 വ​യ​സ്സ്​ ഏ​താ​ണോ ആ​ദ്യം അ​പ്പോ​ൾ വി​ര​മി​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല ച​ട്ടം. ഇ​ത​നു​സ​രി​ച്ച്​ ഇ​ദ്ദേ​ഹം​ 2017 ഏ​പ്രി​ൽ 19ന്​ ​വി​ര​മി​ക്ക​ണം. എന്നാൽ പദവിയിലെത്തുന്ന സമയത്ത് വിരമിക്കൽ പ്രായം 60 ആയിരുന്നുവെന്നാണ് മുൻ രജിസ്ട്രാർ ഇക്കാര്യത്തിലുള്ള അവകാശവാദം.

ഇക്കാര്യം ചൂണ്ടിക്കാട്ടി സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ണി​ങ്​ കൗ​ൺ​സ​ലി​നെ​ക്കൊ​ണ്ട്​ വി​ര​മി​ക്ക​ൽ പ്രാ​യം 60 ആ​ക്കി ഉ​യ​ർ​ത്തി തീ​രു​മാ​ന​മെ​ടു​പ്പി​ക്കു​ക​യും എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റി 2019 ഏ​പ്രി​ൽ 19 വ​രെ സ​ർ​വി​സി​ൽ തു​ട​രു​ക​യും ചെ​യ്​​തു എ​ന്നാ​ണ്​ ഓ​ഡി​റ്റ്​ വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് നേരത്തേ വേണമെങ്കിൽ നടപടിയെടുക്കമായിരുന്നിട്ടും വേണ്ട ഒത്താശ ചെയ്തെന്ന് ആക്ഷേപമുണ്ട്.

വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തി​യ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ തീ​രു​മാ​നം ഗ​വ​ർ​ണ​റും സ​ർ​ക്കാ​റും ത​ള്ളി​യി​ട്ടും ര​ജി​സ്​​ട്രാ​ർ പ​ദ​വി​യി​ൽ തു​ട​ർ​ന്നു. ശ​മ്പ​ള​വും ലീ​വ്​ സ​റ​ണ്ട​ർ ആ​നു​കൂ​ല്യം ഉ​ൾ​പ്പെ​ടെ കൈ​പ്പ​റ്റി​യ 45.5 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 40 ല​ക്ഷം വി​ക്​​ട​ർ ജോ​ർ​ജി​ൽ​നി​ന്നും അ​ഞ്ച​ര ല​ക്ഷം അ​ന​ധി​കൃ​ത​മാ​യി പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നാ​ണ്​ ഓ​ഡി​റ്റ്​ വി​ഭാ​ഗം സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ.

തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​ക്കാ​റി​ൻ്റെ രേ​ഖാ​മൂ​ല​മു​ള്ള നി​ർ​ദേ​ശം ല​ഭി​ച്ച​താ​യും അ​ടു​ത്ത ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ യോ​ഗം വി​ഷ​യം ച​ർ​ച്ച ചെ​യ്​​ത്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കു​ഫോസ്​ ര​ജി​സ്​​ട്രാ​ർ ഡോ. ​ബി. മ​നോ​ജ്​​കു​മാ​ർ എ​ന്നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ്​​ വി​ക്​​ട​ർ ജോ​ർ​ജി​ൻ്റെ വി​ശ​ദീ​ക​ര​ണം.