തിരുവനന്തപുരം: ദക്ഷിണറെയിൽവേയ്ക്ക് കീഴിലെ 36 പാസഞ്ചർ, മെമു സർവിസുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാൻ റെയിൽവേ ബോർഡിൻ്റെ അനുമതി. കേരളത്തിലടക്കം ഓടുന്ന പാസഞ്ചർ സർവിസുകൾ എക്സ്പ്രസുകളാകുന്നതോടെ ഹ്രസ്വദൂരയാത്ര അവതാളത്തിലാകും. ചെറുസ്റ്റേഷനുകളുടെ റെയിൽ കണക്റ്റിവിറ്റി നഷ്ടപ്പെടുമെന്നതിനൊപ്പം യാത്രാചെലവുമേറും.
ചെറിയ ദൂരത്തേക്കാണെങ്കിലും എക്സ്പ്രസ് നിരക്കാണ് നൽകേണ്ടിവരുക. ഫലത്തിൽ നിലവിലേതിനെക്കാൾ മൂന്ന് – നാല് ഇരട്ടി വരെ ചാർജ് വർധിക്കും. പാസഞ്ചർ ട്രെയിനിലെ മിനിമം നിരക്ക് 10 രൂപയാണെങ്കിൽ എക്സ്പ്രസുകളാകുന്നതോടെ 35-40 രൂപയായി ഉയരും.
പാസഞ്ചറുകൾ എക്സ്പ്രസുകളാക്കുന്നത് സംബന്ധിച്ച് ജൂണിലാണ് റെയിൽവേ ബോർഡിൽ ശിപാർശ സമർപ്പിച്ചിരുന്നത്. കൊറോണ സാഹചര്യത്തെ തുടർന്ന് നടപടി നീണ്ടെങ്കിലും ഒടുവിൽ റെയിൽവേ ബോർഡ് പച്ചക്കൊടി കാട്ടുകയായിരുന്നു.
സ്വകാര്യവത്കരണനീക്കങ്ങൾ സജീവമാകുന്നതിന് പിന്നാലെയാണ് സാധാരണക്കാർക്ക് ആശ്രയമാകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും റെയിൽവേ നിഷ്കരുണം അവസാനിപ്പിക്കുന്നത്.