കോട്ടയം: വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ് കണ്ടെത്തിയത്.
അമൃതയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ഇന്ന് രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള തിരച്ചിലിന് ശേഷമാണ് ഒപ്പമുണ്ടായിരുന്ന ആര്യ എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 7.45 ഓടെയാണ് വൈക്കം മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് രണ്ട് യുവതികൾ മൂവാറ്റുപുഴ ആറിലേക്ക് ചാടിയതായി സമീപവാസികൾ പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും മുങ്ങൽ വിദഗ്ധരടക്കം തിരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് യുവതികളിലൊരാളുടെ ചെരിപ്പും തൂവാലയും പോലീസ് കണ്ടെടുക്കുകയായിരുന്നു.
കൊല്ലം ചടയമംഗലത്തുനിന്ന് നവംബർ 13-ന് കാണാതായ രണ്ട് യുവതികളാണ് ആറ്റിൽ ചാടിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പാലത്തിൽനിന്ന് കണ്ടെടുത്ത ചെരിപ്പ് ഈ യുവതികളിൽ ഒരാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.