കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചര്‍ച്ചവിഷയമായ വിപിന്‍ ലാല്‍ എന്ന മാപ്പുസാക്ഷിയുടെ ആരോപണം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. കേസില്‍ മൊഴിമാറ്റി പറയാന്‍ കെ ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായിട്ടാണ് വിപിന്‍ രംഗത്തെത്തുന്നത്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയാണ് വിപിന്‍ ലാല്‍. ചെക്കു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് പള്‍സര്‍ സുനിയുമായി പരിചയം. ഒരേ സെല്ലിലായിരുന്നു ഇരുവരും.
അങ്ങനെയാണ് പള്‍സര്‍ സുനിക്കു വേണ്ടി കത്ത് എഴുതേണ്ടിവന്നതെന്ന് വിപിന്‍ പറയുന്നു. ഒരു സെല്ലില്‍ മൂന്നുപേരാണ് ഉണ്ടാകുക. ആ മൂന്നുപേരില്‍ ആരെന്ത് പറഞ്ഞാലും ചെയ്തു കൊടുക്കേണ്ടിവരും. ജയില്‍ ജീവിതം അത്ര സുഖകരമല്ലെന്നും വിപിന്‍ പറയുന്നു. സുനിക്ക് വേണ്ടി കത്തെഴുതിയതും അങ്ങനെയാണ്. അയാള്‍ പറഞ്ഞത് എഴുതികൊടുത്തുവെന്ന് മാത്രം. പിന്നീട് നടന്ന ഓരോ കാര്യങ്ങളും വിപിന്‍ വിവരിക്കുന്നു.
പല വാഗ്ദാനങ്ങളും തനിക്കുനേരെ ഉണ്ടായിരുന്നു.മൊഴി മാറ്റുമെന്ന് അവര്‍ കരുതി. എന്നാല്‍, എന്റെ അമ്മ പറഞ്ഞിരുന്നു ഈ കേസില്‍ ഉള്‍പ്പെട്ടത് ഒരു സ്ത്രീയാണെന്ന്. ഒരിക്കലും മൊഴിമാറ്റില്ലെന്ന് ഉറപ്പ് നല്‍കി. അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും വിപിന്‍ പറയുന്നു. ജയിലില്‍ ഉള്ളപ്പോള്‍ തന്നെ ജാമ്യം എടുത്തുതന്ന് ഇറക്കാനുള്ള ശ്രമങ്ങളുമായി ചിലര്‍ സമീപിച്ചിരുന്നു. എന്റെ അറിവില്ലാതെ അവര്‍ എന്റെ ജാമ്യം എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞാന്‍ കോടതിയെ സമീപിച്ച് അത് റിജക്ട് ചെയ്യിപ്പിക്കുകയായിരുന്നു.
എന്റെ പഠിത്തം അവര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കാമെന്ന് പറഞ്ഞു. വീട് വെച്ച് തരാമെന്ന് പറഞ്ഞു. സാമ്പത്തിക സഹായം ചെയ്യാം എന്നുള്ളതൊക്കെയായിരുന്നു ഓഫറുകള്‍. ഇവര്‍ നന്നായി ആസൂത്രണം ചെയ്താണ് കാര്യങ്ങള്‍ ചെയ്യുന്നത്.
സെഷന്‍സ് കേസ് ആയതുകൊണ്ട് കോടതിയില്‍ കേസ് നേരത്തെ ഷെഡ്യൂള്‍ ചെയ്യും. എന്റെ ഡേറ്റ് മാര്‍ച്ച് 12 ലേക്ക് ഷെഡ്യൂള്‍ ചെയ്തപ്പോള്‍ ജനുവരി മാസത്തില്‍ എനിക്കുള്ള ഓഫറുമായി ഇവര്‍ മുന്നോട്ട് വന്നു. ആ കേസ് നവംബറിലേക്ക് മാറ്റിയപ്പോള്‍ ഒക്ടോബറില്‍ ഭീഷണി കത്തുകള്‍ അയച്ചു. പേടി കാരണം മിണ്ടാതെ ഞാന്‍ മൊഴി മാറ്റുമെന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ പരാതിയുമായി പോകുമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവില്ല.
ഞാന്‍ പരാതി നല്‍കിയപ്പോള്‍ അത് വ്യാജമാണോ എന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. എനിക്ക് വാര്‍ത്തകളില്‍ വരാനും ദിലീപിന്റെ ജാമ്യം റദ്ദായി പോകാനും വേണ്ടിയാണോ ഞാന്‍ ഇത്തരത്തിലൊരു പരാതിയുമായി ചെന്നതെന്ന് അവര്‍ അന്വേഷിച്ചു. ഇതില്‍ കള്ളമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അവര്‍ എന്റെ പരാതി പരിഗണനയില്‍ എടുത്തത്.
പ്രദീപ് എന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം. ഇയാളെ നാളെ ചോദ്യം ചെയ്യുമ്പോള്‍ മറ്റാര്‍ക്കും വേണ്ടിയല്ല അയാള്‍ ഇവിടെ വന്നതെന്ന് പറയും. 6000 രൂപയുടെ വാച്ചാണ് അയാള്‍ എന്റെ മാമന്‍ ജോലി ചെയ്യുന്ന ജൂവലറിയില്‍ നിന്നും വാങ്ങിയത്. എറണാകുളത്ത് നിന്നും ഒരാള്‍ വാച്ച് വാങ്ങാന്‍ കാസര്‍ഗോഡ് വരേണ്ട ആവശ്യം ഉണ്ടോ? ഇയാള്‍ എന്തിനു വേണ്ടി ഇതൊക്കെ ചെയ്തു എന്നുള്ളത് അറിയാന്‍ ശരിയായ ദിശയില്‍ അന്വേഷണം നടക്കേണ്ടതല്ലേ എന്നും വിപിന്‍ ചോദിക്കുന്നു.
ഒന്നുകില്‍ എംഎല്‍എ അല്ലെങ്കില്‍ ദിലീപ് ഇവരില്‍ ആരോ ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് അയാള്‍ എന്നെ കാണാന്‍ അവിടെ വന്നിരുന്നത്. ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്. അപ്പോള്‍ തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം എത്രമാത്രം ഉണ്ടെന്ന് വ്യക്തമാണല്ലോ എന്നും വിപിന്‍ പറയുന്നു.