വീട്ടിലെ ആവശ്യമില്ലാത്ത സാധനങ്ങൾക്കൊപ്പം മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് ഉപേക്ഷിച്ച് വീട്ടമ്മ

പൂനെ: വീട് വൃത്തിയാക്കുന്നതിനിടെ വീട്ടിലെ ആവശ്യമില്ലാത്ത സാധനങ്ങൾക്കൊപ്പം കളഞ്ഞത് മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണം അടങ്ങിയ ബാഗ്. ദീപാവലിയ്ക്ക് മുന്നോടിയായി വീട് വൃത്തിയാക്കുന്നതിനിടെയാണ് പഴയ സാധനങ്ങളുടെ കൂട്ടത്തിൽ വീട്ടമ്മ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അബദ്ധത്തിൽ കളഞ്ഞത്. പൂനെ സ്വദേശിനി രേഖ സുലേഖർ എന്ന വീട്ടമ്മയാണ് കോർപ്പറേഷന്റെ ചവറ് ശേഖരണ വാഹനത്തിൽ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് കളഞ്ഞത്.

ആവശ്യമില്ലാത്ത സാധനങ്ങളുടെ കൂട്ടത്തിൽ ഒരു പഴയ ബാഗും ഉൾപ്പെട്ടിരുന്നു. ഇതൊക്കെ ചവറ് വണ്ടിയിലിട്ട് കുറച്ച് സമയം കഴിഞ്ഞാണ് തനിക്ക് പറ്റിയ അബദ്ധം വീട്ടമ്മ തിരിച്ചറിഞ്ഞത്. രേഖയും കുടുംബവും ഉടൻ തന്നെ സാമൂഹിക പ്രവർത്തകരുടെ സഹായം തേടി. തുടർന്ന് പിമ്പിരി മുൻസിപ്പൽ കോർപ്പറേഷനെ വിവരം അറിയിച്ചു.

മുൻസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ തുടർന്ന് ചവർ നിക്ഷേപിക്കുന്ന പ്രദേശത്ത് തിരച്ചിൽ നടത്തി. ഒരുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ചവറ് കൂമ്പാരത്തിൽ നിന്നും ബാഗ് കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ ഭദ്രമായി അതിൽത്തന്നെ ഉണ്ടായിരുന്നു. ബാഗ് തിരികെ കിട്ടിയതോടെയാണ് വീട്ടമ്മയ്ക്ക് സമാധാനമായത്.