കടലിലും മഹാമാരി: മീനുകൾക്ക് പകരം വല നിറയെ കാലുകള്‍ നീണ്ട കടല്‍ച്ചൊറികള്‍; വള്ളങ്ങളിലെ വലകള്‍ മുറിഞ്ഞു; ലക്ഷങ്ങളുടെ നാശനഷ്ടം

വലപ്പാട്: കടലില്‍ മഹാമാരി പോലെ മുന്‍പില്ലാത്ത വിധം കടല്‍ച്ചൊറി നിറഞ്ഞു. വല നിറയെ കാലുകള്‍ നീണ്ട കടല്‍ച്ചൊറികള്‍ നിറഞ്ഞതിനാല്‍ തീരദേശമേഖലയില്‍ 50 വള്ളങ്ങളിലെ വലകള്‍ മുറിഞ്ഞു. 40 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നു വള്ളം ഉടമകളുടെ കണക്കുകൂട്ടൽ. ഇന്നലെ പുലര്‍ച്ചെ കടലില്‍ മത്സ്യബന്ധനത്തിന് പോയ മുറി വള്ളങ്ങളിലെ വലകളാണ് നശിച്ചത്.

കഴിമ്ബ്രം, പാലപ്പെട്ടി, ചാമക്കാല, കോതകുളം ബീച്ച്‌,വട്ടപ്പരത്തി, തളിക്കുളം ഭാഗങ്ങളിലാണ് കടല്‍ ചൊറിയുടെ രൂക്ഷത അനുഭവപ്പെട്ടത്. അരക്കിലോ മുതല്‍ 7 കിലോയിലേറെ ഭാരമുള്ള കടല്‍ച്ചൊറികളാണ് വലകളില്‍ ഉണ്ടായിരുന്നത്.

കടലിനടിത്തട്ടില്‍ കിടക്കുന്ന വലയില്‍ ഒഴുക്കില്‍ കടല്‍ച്ചൊറികള്‍ വന്ന് നിറ‍ഞ്ഞതോടെ വല പുറത്തെടുക്കാന്‍ കഴിയാതെയായി. വിദഗ്ധരായ തൊഴിലാളികള്‍ വലയില്‍ നിന്നു പല രീതിയില്‍ കടല്‍ച്ചൊറിയെ പുറത്തു കളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വള്ളത്തിലേക്കു വലകള്‍ വലിച്ചുകയറ്റുന്തോറും അടിയില്‍ തൂങ്ങിക്കിടക്കുന്ന കടല്‍ച്ചൊറികളുടെ ഭാരം ക്രമാതീതമായി കൂടി വലകള്‍ മുറിയുകയായിരുന്നുവെന്നു തൊഴിലാളികളും ഉടമകളും പറ‍‍ഞ്ഞു.‍

മുന്‍ വര്‍ഷങ്ങളിലും കടലില്‍ കടല്‍ച്ചൊറികളുണ്ടാകുമെങ്കിലും അര നൂറ്റാണ്ടിനിടയില്‍ ഇത്രയേറെ വ്യാപകമായി കടല്‍ച്ചൊറി ആദ്യമാണെന്നു കടലിലെ മീന്‍നോട്ടക്കാരായ വിദ്ഗദ തൊഴിലാളികള്‍ പറയുന്നു. ഇന്നലെ കഴിമ്ബ്രം ഭാഗത്ത് നിന്നു 12 വള്ളങ്ങളാണ് പോയത്. ഇതില്‍ 9 മുറിവള്ളക്കാര്‍ക്കാണ് കൂടുതല്‍ നഷ്ടം പുറമേ ശക്തമായ കരക്കാറ്റ് വള്ളക്കാരെ വലച്ചു.

വള്ളങ്ങള്‍ ചരിയുന്ന അവസ്ഥയായി. പല വള്ളങ്ങളിലും വെള്ളം കയറി. കാറ്റില്‍ വല കിട്ടാതെയായപ്പോള്‍ വല മുറിക്കേണ്ടി വന്നു. മത്സ്യവും കിട്ടിയില്ല. 9 വള്ളക്കാര്‍ക്കു മാത്രം 9 ലക്ഷം രൂപ നഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു.

ജെല്ലിഫിഷ് വിഭാഗത്തിലുള്ളവയാണ് കടല്‍ച്ചൊറി. കുടയുടെ ആകൃതി, ഇവയുടെ ജലാവരണത്തിനുള്ളിലെ കട്ടിയായ ദ്രാവകം ശരീരത്തിലായാല്‍ അസഹ്യമായ ചൊറിച്ചിലും തടിപ്പുമുണ്ടാകും. ഇവയെ വലയില്‍ നിന്നു എളുപ്പം പുറത്തെടുത്തു കളയാനാവില്ല.

ഇതുമൂലം ഇവയെ പുറത്തെടുക്കുന്നതും ദുഷ്കരം. പുറത്തു കളയാന്‍ വല പൊട്ടിച്ചാല്‍ വലയും നശിക്കും. തീരത്ത് നിന്നു 20- 25 കിലോ മീറ്റര്‍ ദൂരം കടലില്‍ ഇവയെ കാണാറുണ്ടെന്നും വലിയ വള്ളങ്ങളിലെ മീന്‍ നോട്ടക്കാരായ തൊഴിലാളികള്‍ വ്യക്തമാക്കി. വലിയ വള്ളക്കാര്‍ക്കും ചെറിയ വള്ളക്കാര്‍ക്കുമെല്ലാം കടല്‍ച്ചൊറി ഒരുപോലെ ഉപദ്രവമാണ്.