ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിട്ട് പുതിയ സൈബർ സുരക്ഷാ നയവുമായി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പുതടയുന്നതിനും ഓൺലൈൻ സാമ്പത്തികതട്ടിപ്പു തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെ പുതിയ സൈബർ സുരക്ഷാ നയം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ഇത് സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അം​ഗീകാരം നല്‍കി.

അടുത്ത മാസത്തോടെയാവും ഭേദ​ഗതി കൊണ്ടുവരിക.
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററുടെ ഓഫീസ്, നോഡല്‍ അതോറിറ്റി എന്നീ ഏജന്‍സികളാണ് വിവിധ മന്ത്രാലയങ്ങളില്‍ നിന്നും മറ്റ് വിദ​ഗ്ധരില്‍ നിന്നും നിര്‍ദേശങ്ങള്‍ ശേഖരിച്ചത്. നയം ഓര്‍ഡിനന്‍സ് ആയി വിജ്ഞാപനം ചെയ്യാനുള്ള നീക്കത്തിലാണ് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം.

നാഷണൽ സൈബർ സെക്യൂരിറ്റി കോ-ഓർഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡൽ ഏജൻസി. നയത്തിന് അന്തിമരൂപം നൽകാനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവുമായി ചർച്ച നടന്നുവരികയാണ് ഇപ്പോൾ. ഡിസംബറോടെ നയം പ്രഖ്യാപിക്കും.

നിലവിലുള്ള സൈബർ സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തിൽ മുന്നോട്ടുവെക്കുക. 2013-ലെ സൈബർ നയത്തിന്റെ പരിഷ്കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വർഷമായി അണിയറയിലുള്ളതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

എന്തു ചെയ്യണം, എന്തു ചെയ്യാൻ പാടില്ല എന്നും ഏതൊക്കെയാണ് സൈബർ കുറ്റമെന്നും അല്ലാത്തതെന്നും പുതിയ നയത്തിൽ വ്യക്തത വരുത്തും. പുതിയ നയം വിജ്ഞാപനം ചെയ്യുന്നതിന് മുന്‍പായി ടെലികോം കമ്പനികളോട് അവരുടെ നെറ്റ് വര്‍ക്ക് സിസ്റ്റം ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആ​ഗോള ഡാറ്റാബേസിലേക്ക് വിവര ചോര്‍ച്ച നടത്തുന്ന പഴുതുകള്‍ ഉണ്ടെങ്കില്‍ അത് പുതിയ നയം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേ അടയ്ക്കുകയാണ് ലക്ഷ്യം.