വൈക്കം: ചെമ്പ് മുറിഞ്ഞപുഴ പാലത്തിൽ നിന്ന് ഇന്നലെ വൈകുന്നേരം രണ്ട് യുവതികൾ മൂവാറ്റുപുഴ ആറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ തുടങ്ങി. പാലത്തിൽനിന്ന് ചെരിപ്പും തൂവാലയും കണ്ടെത്തി. ഇന്നലെ വൈകീട്ട് 7.45നായിരുന്നു സംഭവം. വടക്കുഭാഗത്തുനിന്ന് നടന്നുവന്ന ഇവർ പാലത്തിൽനിന്ന് ആറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം. അഗ്നിരക്ഷാസേന പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും തിരച്ചിൽ നിർത്തി.
ഇന്ന് രാവിലെ സ്കൂബ ടീമിമെത്തി തിരച്ചിൽ നടത്തുമെന്ന് അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു. പുഴയോരത്തെ വീട്ടിലെ കുട്ടികൾ രണ്ടുപേർ ചാടുന്നതുകണ്ട് വീട്ടുകാരോട് പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. വിവരം അറിയിച്ചതിനെത്തുടർന്ന് വൈക്കം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയായിരുന്നു.
കഴിഞ്ഞദിവസം കൊല്ലം ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 21 വയസ്സുള്ള രണ്ട് യുവതികളെ കാണാതായിരുന്നു. പാലത്തിൽനിന്ന് ലഭിച്ച ചെരിപ്പിൻെറ ഫോട്ടോ ചടയമംഗലം പൊലീസിന് അയച്ചുകൊടുത്തു. ചെരിപ്പുകളിലൊന്ന് കാണാതായ ഒരു യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ യുവതികളാണ് പുഴയിൽ ചാടിയതെന്ന സംശയത്തിലാണ് പൊലീസ്.