ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ കൊറോണ സാന്നിധ്യം ; നൂറോളം ജീവനക്കാരുടെ സാമ്പിളുകള്‍ ശേഖരിച്ചു

ബീജിങ്: ഇറക്കുമതി ചെയ്ത ബീഫ്, ചെമ്മീന്‍ പായ്ക്കറ്റുകളില്‍ കൊറോണ സാന്നിധ്യം കണ്ടെത്തി. വിവിധ രാജ്യങ്ങളില്‍ നിന്ന് ചൈനയില്‍ ഇറക്കുമാതി ചെയ്ത ഭക്ഷ്യവസ്തുക്കളിലാണ് കൊറോണ സാന്നിധ്യം കണ്ടെത്തിയെന്ന് പറയുന്നത്.

ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യത്തിനുള്ള സാധ്യത കുറവാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയാണ് ഇതോടെ തകിടം മറിഞ്ഞത്. ചൈനീസ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ബീഫ് പായ്ക്കറ്റിന്റെ പുറത്തുനിന്നാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്ന് പായ്ക്കറ്റുകളുടെ പുറത്താണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഓഗസ്റ്റ് ഏഴിന് ചൈനീസ് തുറമുഖത്ത് എത്തിച്ച പായ്ക്കറ്റുകള്‍ പിന്നീട് വുഹാനിലെ കോള്‍ഡ് സ്റ്റോറേജില്‍ എത്തിച്ചു. കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോറേജ് കേന്ദ്രത്തിലെ നൂറോളം ജീവനക്കാരുടെ സാമ്പിളുകള്‍ ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. 200ഓളം സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.

ലാന്‍സോ പ്രവിശ്യയില്‍ ഇറക്കുമതി ചെയ്ത ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന വ്യക്തമാക്കുന്നു. ഒക്ടോബര്‍ 21നാണ് ചെമ്മീന്‍ ഇറക്കുമതി ചെയ്തത്. നവംബര്‍ എട്ടിന് ലാന്‍സോ പ്രവിശ്യയിലെത്തി.

ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യത്തിനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞത്. ഇറക്കുമതി ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് സുരക്ഷിതമാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇറക്കുമതി ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളിൽ ചൈന ഇതിനുമുന്‍പും കൊറോണ സാന്നിധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയിരുന്നു.