തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവർണറേയും രാഷ്ട്രപതിയേയും സമീപിക്കും. ഇതിന്റെ സാധുത പ്രതിപക്ഷ നേതാക്കൾ നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്യും. സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരേയാണ് രാഷ്ട്രപതിയെ സമീപിക്കുന്നത്.
സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് ധനമന്ത്രി തന്നെയാണ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത്. ഇത് ചട്ടലംഘനമാണെന്നും ധനമന്ത്രിയുടെ വാക്കുകൾ സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുnനതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
അതേസമയം വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്. മസാലബോണ്ട് അടക്കമുള്ള കാര്യങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിനെതിരെ ശക്തമായ വിമർശനമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്.
ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ മന്ത്രി സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെതിരെ നിയമസഭയുടെ അവകാശലംഘനത്തിനു മന്ത്രിക്കു നോട്ടിസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു .