കാസർകോട് : നടിയെ ആക്രമിച്ച കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പൊലീസിന്റെ നോട്ടിസ്. കേസിൽ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നോട്ടിസ്. ചോദ്യംചെയ്യലിനായി ബേക്കൽ സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. രണ്ടുദിവസത്തിനകം ഹാജരാകണമെന്നും നോട്ടിസിൽ പറയുന്നു
2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർകോട് ബേക്കൽ എത്തിയത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തതിനുശേഷം കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ടു. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോൺ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി.
വിപിന്റെ പരാതിയിൽ കേസെടുത്ത ബേക്കൽ പൊലീസ്, ഒന്നരമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രദീപാണ് സ്വാധീനിക്കാൻ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് എത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പൊലീസിനു തുണയായി. പരാതി വ്യാജമെന്ന് പറഞ്ഞ് തന്നെ തേജോവധം ചെയ്യാൻ ഇറങ്ങിത്തിരിച്ച താരാരാധകർക്കുള്ള മറുപടിയാണ് പൊലീസ് കണ്ടെത്തൽ എന്ന് വിപിൻ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽനിന്ന് കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയിൽ വിപിന്റെ മൊഴികൾ നിർണായകമാണ്.