ന്യൂഡെൽഹി: റഷ്യയുടെ കൊറോണ പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ത്യയിലെത്തി. ക്ലിനിക്കൽ പരീക്ഷണത്തിനായി ഇന്ത്യയിലെത്തിച്ചിരിക്കുന്ന
വാക്സിനുകൾ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ആയിരിക്കും പരീക്ഷിക്കുക.
രണ്ടും മൂന്നും ഫേസുകൾ പരീക്ഷിക്കാനാണ് അനുമതി. നേരത്തെ, സ്പുട്നിക് 5 കൊറോണ പ്രതിരോധ വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഗമാലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും വികസിപ്പിച്ചെടുത്ത വാക്സിൻ നിലവിൽ മോസ്കോയിൽ അവസാന ഘട്ട പരീക്ഷണത്തിലാണ്.
മൂന്നാംഘട്ട വാക്സിൻ പരീക്ഷണത്തിൽ നാൽപതിനായിരം പേരായിരിക്കും ഭാഗമാവുക. ഇതിൽ വാക്സിന്റെ ആദ്യ ഡോസ് നൽകിയിട്ടുള്ളത് 20,000 പേർക്കാണ്.
പതിനാറായിരത്തിലുമധികം പേർക്ക് ഒന്നും രണ്ടും ഡോസുകൾ നൽകിയിട്ടുണ്ട്. വാക്സിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതിനാൽ റഷ്യയിൽ വരുന്ന ആഴ്ചകളിൽ വാക്സിനേഷൻ നടപ്പാക്കാനുള്ള സാധ്യതയുണ്ടെന്ന് ഗമാലെയ സെന്റർ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞിരുന്നു.
നിലവിൽ, സ്പുട്നിക് 5 ന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ നടക്കുന്നത് ബെലാറസ്, യുഎഇ, വെനസ്വേല ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ്.