കൊച്ചി: കോർപറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ മുൻ മേയർ സൗമിനി ജെയിനിന്റെ പേരില്ല. 63 ഡിവിഷനുകളിൽ കോൺഗ്രസ് മത്സരിക്കും. മുസ്ലീം ലീഗിന് ആറും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നാലു സീറ്റുകളുമാണ് നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി.
മുൻ ജിസിഡിഎ ചെയർമാൻ എൻ. വേണുഗോപാൽ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ തർക്കം തുടരുന്നുണ്ട്. സീറ്റ് വീതംവെപ്പിൽ പരസ്യ വിമർശനവുമായി യുത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
മേയറായിരുന്ന സൗമിനി ജെയിന് ഇക്കുറി സീറ്റ് നൽകരുതെന്ന നിലപാടിലായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം. പാർട്ടി ധാരണ പ്രകാരം മേയർ സ്ഥാനത്ത് നിന്ന് മാറണമെന്ന് ഭരണപക്ഷത്ത് നിന്ന് തന്നെ മുറവിളി ഉയർന്നിട്ടും തർക്കങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് സൗമിനി ജെയിൻ അഞ്ച് വർഷം പൂർത്തിയാക്കിയത്.
അതേസമയം, കൊച്ചി കോർപറേഷനിലേക്ക് വീണ്ടും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സൗമിനി ജെയിൻ രംഗത്ത് എത്തിയിരുന്നു. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയാറാണ്. മേയറെന്ന നിലയിൽ കൗൺസിൽ അംഗങ്ങളുടെ സഹകരണക്കുറവ് ദുഖമുണ്ടാക്കിയെന്നും കോർപറേഷന്റെ പടിയിറങ്ങും മുമ്പ് സൗമിനി ജയിൻ തുറന്നു പറഞ്ഞിരുന്നു.