തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യം വന്നപ്പോൾ പകരം ക്രമീകരണമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്ന് പാർട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ വിജയരാഘവൻ. സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്താണ് തീരുമാനം എടുക്കുന്നത്. പ്രതിപക്ഷത്തെ സഹായിക്കാനുള്ള നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നതായി വിജയരാഘവൻ പറഞ്ഞു. അതിന് പ്രതിരോധം തീർക്കേണ്ടതുണ്ട്. എല്ലാ കാലത്തും ഇടതുപക്ഷത്തിനെതിരെ ഇങ്ങനെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിനെ അതി ജീവിച്ച ചരിത്രമാണ് ഉള്ളത്. തുടർന്നും ഗൂഡാലോചനകൾ നടക്കും. അതിനെ അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമം തുടർച്ചയായ ചികിത്സവേണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നൽകിയതെന്ന് എംവി ഗോവിന്ദൻ. ആ സന്ദർഭത്തിൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ എ വിജയരാഘവനെ താത്കാലിക സെക്രട്ടറിയായി ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തിയതായി എംവി ഗോവിന്ദൻ പറഞ്ഞു.
കോടിയേരിക്ക് ഇനിയും തുടർച്ചയായ ചികിത്സ വേണം, പല കാര്യങ്ങളും നിർവ്വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാൾക്ക് ചുമതല നൽകുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ തന്റെ അസുഖവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ആവശ്യപ്പെട്ടു. കുറച്ച് കൂടി തുടർച്ചയായ ചികിത്സ വേണമെന്നാണ് കോടയേരി സെക്രട്ടേറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തത്. ലീവ് ആവശ്യമാണെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് എ വിജയരാഘവനെ ചുമതലപ്പെടുത്തിയതെന്ന്എം വി ഗോവിന്ദൻ പറഞ്ഞു.