കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ എവിജയരാഘവനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. മകന്‍ ബിനീഷ് കോടിയേരി ജയിലിലായതിനുപിന്നാലെയാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍.
തുടര്‍ചികിത്സയ്ക്ക് അവധി ആവശ്യപ്പെട്ടാണ് കോടിയേരിയുടെ മാറ്റം. ചികിത്സയ്ക്ക് അവധി വേണമെന്നാവശ്യം സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന വേളയിലാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍. സാധാരണ ഈ സമയത്ത് പാര്‍ട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന പതിവില്ല. ചികിത്സയ്ക്കായി കോടിയേരി മുന്‍പും അവധിയെടുത്തിട്ടുണ്ട്.
2015 ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിൻഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.
പിന്നീട് 2018 ൽ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാൻ തീരുമാനിച്ചു. ഇപ്പോഴത്തൊ കാലാവധി അടുത്ത വർഷം അവസാനിക്കാനിരിക്കെയാണ് കോടിയേരിയുടെ രാജി.മക്കൾ തീർത്ത വിവാദങ്ങളുടെ കാർമേഘമാണ് കോടിയേരിയുടെ സ്ഥാനം നഷ്ടമാക്കുന്നതിലേക്ക് നയിച്ചത്. ആദ്യം ബിനോയ് കോടിയേരിക്കെതിരായ വിവാദം ഉയർന്നുവന്ന ഘട്ടത്തിലും കോടിയേരി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതായി സൂചനയുണ്ടായെങ്കിലും പാർട്ടി അത് നിഷേധിച്ചു. സാമ്പത്തിക പരാതി തീർപ്പായതോടെ വിവാദം കെട്ടടങ്ങുകയുമായിരുന്നു.