സാൻഫ്രാൻസിസ്കോ: പുലർച്ചെ യൂട്യൂബിലെത്തിയവർക്ക് ‘ഇന്‍റേണൽ സെർവർ എറർ’ എന്ന സന്ദേശം മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതോടെ ആയിരക്കണക്കിന് ഉപഭോക്താക്കൾ യൂട്യൂബിന് എന്താണ് സംഭവിച്ചത് എന്ന ആശങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. പിന്നീടാണ് ആഗോളവ്യാപകമായി യൂട്യൂബ് പണിമുടക്കിയ വിവരം പുറത്ത് വന്നത്. മണിക്കൂറുകൾക്കകം തകരാർ യൂട്യൂബ് പരിഹരിച്ച് തിരിച്ചെത്തി.
ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്. ലോകമെമ്പാടും ഏറ്റവുമധികം പേർ സന്ദർശിക്കുന്ന സൈറ്റുകളിൽ ഒന്നായതിനാൽ കണ്ടന്‍റ് ക്രിയേറ്റേഴ്‌സും ഉപഭോക്താക്കളും പ്രതിസന്ധിയിലായിരുന്നു. യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കി. യൂട്യൂബ് ടി.വി, ഗൂഗിൾ ടിവിയിൽ നിന്ന് വാങ്ങുന്ന സിനിമകൾ മറ്റ് ടി.വി ഷോകൾ എന്നിവയും പ്രവർത്തനരഹിതമായി.
യൂട്യൂബ് ഡൗൺ ആണെന്നറയിച്ച നിരവധി പേർ ട്വീറ്റ് ചെയ്തു. ഇതോടെ യൂട്യൂബ് അധികൃതർ ട്വീറ്റുമായി രംഗത്തെത്തി. ‘യൂട്യൂബ് വിഡിയോ കാണാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റക്കല്ല എന്ന് മനസ്സിലാക്കുക. ഞങ്ങൾ പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്’.
ഏകദേശം ഒരു മണിക്കൂറിന് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി.