ഉത്ര കൊലക്കേസിൽ രണ്ടാം കുറ്റപത്രം അടുത്ത മാസം ആദ്യവാരം സമർപ്പിക്കും

കൊല്ലം : ഉത്ര കൊലക്കേസിൽ രണ്ടാം കുറ്റപത്രം അടുത്ത മാസം ആദ്യ വാരത്തോടെ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം. സൂരജ് ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഉത്രയുടെ ഭർത്താവ് സൂരജ് ഒന്നാം പ്രതിയും, സൂരജിന്റെ അച്ഛൻ രണ്ടാം പ്രതിയും, അമ്മ, സഹോദരി എന്നിവരെ മൂന്നും നാലും പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഇവർക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള നാല് വകുപ്പുകളാണ് 1000 പേജുള്ള കുറ്റപത്രത്തിൽ ഉള്ളത്. ഗാർഹിക പീഡനത്തിന് പുറമേ, വിശ്വാസ വഞ്ചന, ഗൂഢാലോചന, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും കുള്ളപത്രത്തിൽ ചേർത്തിട്ടുണ്ട്.

ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുളള വകുപ്പുകളാണ് ഇതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ 96 പേരാണ് സാക്ഷികള്‍. സൂരജിന്‍റെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുകള്‍ എന്നിവരും സാക്ഷിപട്ടികയിലുണ്ട്.

ഗാര്‍ഹിക പീഡനം ഉണ്ടായി എന്ന് കാണിച്ച് ഉത്രയുടെ സഹോദരന്‍ അഞ്ചല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഉത്രക്ക് കൃത്യമായി ആഹാരം നല്‍കിയിരുന്നില്ലന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ആദ്യകുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ട് മുന്‍പാണ് ഗാര്‍ഹിക പീഡന കേസ്സില്‍ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലാകുന്നത്.

കൊലപാതകം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള ആദ്യ കുറ്റ പത്രത്തിന്‍റെ വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും. ഈ കേസ്സില്‍ സൂരജ് മാത്രമാണ് പ്രതി. വിചാരണ തുടങ്ങിതിന് ശേഷം രണ്ടാം കുറ്റ പത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.