ന്യൂഡെല്‍ഹി മുതല്‍ കേരളം വരെ മോഷണം: വിദേശസംഘം തലസ്ഥാനത്ത് പിടിയില്‍

തിരുവനന്തപുരം: ഇറാനിയന്‍ മോഷണ സംഘം തലസ്ഥാനത്ത് പിടിയില്‍. നേപ്പാള്‍ മുതല്‍ കേരളം വരെ മോഷണം നടത്തിയ നാല് ഇറാനിയന്‍ യുവാക്കളാണ് പിടിയിലായത്. മ്യാന്‍മാര്‍ പോലുള്ള സ്ഥലങ്ങളിലും ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന ഇവരെ കന്റോണ്‍മെന്റ് സിഐ ആണ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ചേര്‍ത്തലയിലും മോഷണം നടത്തിയത് ഇവരാണെന്ന് കണ്ടെത്തി. ചേര്‍ത്തലയിലെ കടയില്‍ നിന്ന് 35,000 രൂപയാണ് സംഘം മോഷ്ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സംഘം മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലും സംഘം വന്‍ മോഷണം നടത്തിയിരുന്നു.

കന്റോണ്‍മെന്റ് സിഐ ഷാഫിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഹോട്ടലില്‍ എത്തുന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഇവരുടെ പാസ്‌പോര്‍ട്ടുകളും മറ്റും പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഒത്തുനോക്കിയപ്പോള്‍ സാമ്യവും തോന്നി. തുടര്‍ന്ന് ചേര്‍ത്തല പോലീസിന് ഇവരുടെ ചിത്രങ്ങള്‍ കൈമാറി. പിന്നീടുള്ള ചോദ്യം ചെയ്യലും പരിശോധനകള്‍ക്കുമൊടുവിലാണ് ഇവര്‍ വന്‍ സംഘമാണെന്ന് തിരിച്ചറിയുന്നത്.

കേരളത്തിൽ വലിയ കൊള്ള നടത്താൻ പദ്ധതിയിട്ടാണ് സംഘം എത്തിയതെന്നാണ് സൂചന. മണി എക്സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി.
മ്യാൻമാർ, നേപ്പാൾ എന്നിവിടങ്ങളിൽ സംഘം വലിയ മോഷണങ്ങൾ നടത്തിയിരുന്നു. ജനുവരി ഒന്നു മുതൽ ഇവർ ഇന്ത്യയിൽ മോഷണം നടത്തിയെന്നു പോലിസ് അറിയിച്ചു.