എ വിജയരാഘവന്റെ ഭാര്യയായതുകൊണ്ടാണ് വൈസ് പ്രിൻസിപ്പൽ നിയമനം വിവാദമായതെന്ന് ബിന്ദു; നടപടി വിവാദത്തിൽ

തൃശ്ശൂർ: എ വിജയരാഘവന്റെ ഭാര്യയായതുകൊണ്ടു മാത്രമാണ് വൈസ് പ്രിൻസിപ്പൽ നിയമനം വാദമായതെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യ ബിന്ദു. എ വിജയരാഘവന്റെ ഭാര്യയും തൃശ്ശൂർ മുൻ മേയറുമായിരുന്ന ഡോ ആർ ബിന്ദുവിനെ തൃശ്ശൂർ കേരള വർമ കോളേജ് വൈസ് പ്രിൻസിപ്പലായി നിയമിച്ച നടപടി വിവാദത്തിലായതോടെയാണ് വിശദീകരണവുമായി ഇവർ രംഗത്തെത്തിയത്.

“ചെയ്യുന്ന ജോലിക്ക് പുറമേ കോളേജിന്റെ വികസനപ്രവർത്തനങ്ങൾ ഉൾപ്പടെ നിരവധി ജോലികളാണ് ചെയ്യാനുളളത്. ധനപരമായി യാതൊരു ഗുണമുളള പദവിയല്ല. ഈ തസ്തിക സൃഷ്ടിക്കുക വഴി നിയമലംഘനം നടന്നിട്ടില്ല. പ്രിൻസിപ്പൽ കഴിഞ്ഞാൽ സീനിയോറിറ്റി ഉളളയാൾ ഞാനാണ്. ആകെ നാലു അസോസിയേറ്റ് പ്രൊഫസർമാരാണുളളത്. അതിൽ ഡോക്ടറേറ്റ് ഉളളത് എനിക്കാണ്. പിന്നെ എന്ത് നിയമലംഘനമാണ് ഇതിൽ നടന്നിട്ടുളളത്.

കോളേജുമായി ബന്ധപ്പെട്ട വികസന കാര്യങ്ങൾ എന്നെ ഏൽപിച്ചാൽ കുറച്ചുകൂടി നന്നായി നടക്കുമെന്ന് കരുതി ഉത്തരവാദിത്വങ്ങളുടെ വിഭജനം എന്ന രീതിയിൽ ഒരു തൊഴിൽ വിഭജനമാണ് കൊച്ചിൻ ദേവസ്വം ബോർഡ് അത് ചെയ്തിട്ടുളളത്.” ബിന്ദു പറഞ്ഞു.

വൈസ് പ്രിൻസിപ്പലായി തന്നെ നിയമിച്ചതിൽ ചട്ടലംഘനമൊന്നുമില്ലെന്ന്ബിന്ദു പ്രതികരിച്ചു. “വൈസ് പ്രിൻസിപ്പൽ നിയമനം ചട്ടലംഘനമാണോയെന്ന് അന്വേഷിച്ചാൽ അറിയാവുന്നതാണ്. യുജിസിയുടെ 2018 റെഗുലേഷൻസിലുളളതാണ്. അത് 2020 ഫെബ്രുവരിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുണ്ട്. ഒരുപാട് കോളേജുകളിൽ ഉളള പോസ്റ്റാണ്. മിക്കവാറും ക്രിസ്ത്യൻ കോളേജുകളും വളരെ നേരത്തേ തന്നെ അത് ചെയ്തിരുന്നു, ചില സർക്കാർ കോളേജുകളിലും ചെയ്തിട്ടുണ്ട്. സർക്കാർ കോളേജുകളിൽ അങ്ങനെയൊരു പദവി വയ്ക്കണമെന്ന് ഡിസിഇയുടെ ഉത്തരവുളളതാണ്.”ബിന്ദു വിശദീകരിച്ചു.

എന്നാൽ, ഇതെക്കുറിച്ച് വിശദീകരിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല.

ഒക്ടോബർ മുപ്പതിനാണ് കേരള വർമ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസർ ആർ. ബിന്ദുവിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ചൊവ്വാഴ്ചയാണ് ഇത് ബിന്ദുവിന് ലഭിച്ചത്. വൈസ് പ്രിൻസിപ്പലായി അവർ ഇന്ന് ചുമതലയേൽക്കും.

സിപിഎം നിയന്ത്രണത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുളള കോളേജിൽ വൈസ് പ്രിൻസിപ്പൽ തസ്തിക പ്രത്യേകം സൃഷ്ടിച്ച് പ്രിൻസിപ്പലിന്റെ ചുമതലകൾ ബിന്ദുവിന് കൈമാറുകയായിരുന്നു. ചാലക്കുടി പനമ്പിളളി മെമ്മോറിയൽ ഗവ.കോളേജ്, വി.കെ. കൃഷ്ണമേനോൻ ഗവ.കോളേജ് കണ്ണൂർ തുടങ്ങി കേരളത്തിലെ മറ്റു ചില കോളേജുകളിലും വൈസ് പ്രിൻസിപ്പൽ തസ്തിക ഉണ്ട്.

നിലവിലുളള ചുമതലകൾക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകൾ നിർവഹിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. കോളേജിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വികസനപ്രവർത്തനങ്ങൾ, കോളേജ് അക്രഡിറ്റേഷൻ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും സംയുക്തമായി നിർവഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഇതിന് പുറമേ കേളേജിൽ കിഫ്ബി, ഡവലപ്പ്മെന്റ് ഫോറം, പി.ടി.എ. എന്നിവയുടെ സഹായത്തോടെ നടപ്പിൽ വരുത്തുന്ന വികസന പ്രവർത്തനങ്ങളുടെയും എൻഐആർഎഫ്. , നാക് തുടങ്ങിയ അക്രഡിറ്റേഷൻ പ്രവർത്തനങ്ങളുടെ സ്വതന്ത്ര ചുമതലകൾ കൂടി വൈസ് പ്രിൻസിപ്പലിന് നൽകിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്
.
പകുതിയിലേറെ ചുമതലകൾ വൈസ് പ്രിൻസിപ്പലിന് നൽകുക വഴി പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിൻസിപ്പലിന്റെ പദവി ചുരുങ്ങിയെന്നായിരുന്നു ഉയർന്നുവന്ന ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിക്കുക വഴി ചട്ടലംഘനമാണ് നടന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.