ന്യൂഡെല്‍ഹി: സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂക്ഷമായിരിക്കെ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഡെല്‍ഹിയില്‍. കേന്ദ്ര നേതൃത്വം സുരേന്ദ്രനെ വിളിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പതിവ് സന്ദര്‍ശനമാണെന്ന്് കെ. സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സുരേന്ദ്രനെ ആര്‍എസ്എസ് നേതൃത്വം വിളിച്ചുവരുത്തിയിരുന്നു.
മുതിര്‍ന്ന നേതാക്കളുമായുള്ള അഭിപ്രായഭിന്നത ഉടന്‍ പരിഹരിക്കണമെന്ന് ആര്‍എസ്എസ് സുരേന്ദ്രനോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും നേതൃത്വം സുരേന്ദ്രനെ അറിയിച്ചു.
കെ. സുരേന്ദ്രനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തിനും ആര്‍എസ്എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു. തര്‍ക്കം ഈ രീതിയില്‍ പോകുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രന് ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും ആര്‍എസ്എസ് ഓര്‍മ്മിപ്പിച്ചതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ശോഭാ സുരേന്ദ്രനെയും ആര്‍എസ്എസ് നേതൃത്വം വിളിപ്പിച്ചിരുന്നു. പരസ്യ പ്രതികരണം നടത്തിയ സാഹചര്യവും മറ്റ് ചില നേതാക്കളുമായി ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ചകളും സംബന്ധിച്ചുള്ള വിശദീകരണവും ശോഭയോട് ആര്‍എസ്എസ് ആരാഞ്ഞിരുന്നു.