മതേതര പാര്‍ട്ടികള്‍ ഒവൈസിയെ സൂക്ഷിക്കണം; വോട്ട് ഭിന്നിപ്പിക്കാന്‍ ഒവൈസി ശ്രമിച്ചെന്ന് കോൺ​ഗ്രസ്

പാട്‌ന: മതേതരപാര്‍ട്ടികള്‍ ഒവൈസിയെ സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍. ഒവൈസി വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒവൈസിയുടെ പാര്‍ട്ടി മുസ്ലീം വോട്ട് ഭിന്നിപ്പിക്കുമ്പോള്‍ മതേതരപാര്‍ട്ടികളുടെ വോട്ടിനെയാണ് അത് ബാധിക്കുന്നത്. സ്വഭാവികമായും ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വിലയിരുത്തി.

ഒവൈസി ബിജെപിയുടെ ഏജന്റാണെന്ന് നേരത്തെയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഒവൈസിയെ പ്രയോജനപ്പെടുത്തുക എന്ന തന്ത്രം ബിഹാറില്‍ ഒരു പരിധിവരെ ബിജെപി വിജയകരമായി പ്രയോഗിച്ചെന്നും അദിര്‍ രഞ്ജന്‍ പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന ബിഹാറിലെ ജനങ്ങൾക്ക് നന്ദിയറിയിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീന്‍ ഒവൈസി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്ന് ഒവൈസി പ്രതികരിച്ചു. ആർജെഡി ഉൾപ്പെട്ട മഹാസഖ്യം സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചാൽ ഒപ്പം ചേരുമോ എന്ന ചോദ്യത്തിന് ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്നും ഒവൈസി വ്യക്തമാക്കി.

മൂന്ന് സീറ്റുകളിൽ വിജയിച്ച എഐഎംഐഎം രണ്ട് സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ സാധിച്ചതാണ് നിർണായക വിജയത്തിലേക്ക് എഐഎംഐഎമ്മിനെ എത്തിച്ചത്. ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളിൽ മഹാസഖ്യത്തിനായി കോൺഗ്രസായിരുന്നു മത്സരിച്ചത്.