വാഷിംഗ്ടണ്‍: അമേരിക്കയിൽ ജോ ബൈഡൻ അധികാരത്തിലെത്തുന്നതിൽ ചില ഒപെക് രാജ്യങ്ങൾക്ക് ആശങ്കയെന്ന് റിപ്പോർട്ട്. ട്രംപിന്റെ കാലത്ത് എണ്ണ ഉത്പാദനം പുതിയ റെക്കോഡിൽ എത്തിയിരുന്നു.
ഇറാനും വെനിസ്വേലയുമടക്കമുള്ള രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം ബൈഡൻ നീക്കിയാൽ, അത് എണ്ണ ഉത്പാദനം വൻതോതിൽ കൂട്ടുമെന്നും വിലയിടിവിന് കാരണമാകും എന്നുമാണ് ആശങ്ക. ഒപെക് പ്ലസ് ഗ്രൂപ്പിൽ നിന്ന് റഷ്യ പുറത്തുപോകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അതേ സമയം അമേരിക്കയിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതാൻ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ബൈഡൻ റദ്ദാക്കും.
മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കും. പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. കുടിയേറ്റ നിയമങ്ങളിൽ മാറ്റം വരുത്താനും ആലോചനയുണ്ട്.
ഈ വിഷയങ്ങളിൽ എല്ലാം പ്രസിഡന്റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് തിരുത്തൽ ഉത്തരവുകൾ പുറപ്പെടുവിക്കാനാണ് തീരുമാനം. ജനുവരി ഇരുപതിന് അധികാരമേറ്റയുടൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബൈഡൻ ഇതിനകം തയാറാക്കിക്കഴിഞ്ഞെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.