കോഴിക്കോട്: ആറ് വയസ്സുകാരി പീഡനത്തിനിരയായതിൽ വീടിൻ്റെ സുരക്ഷാ കുറവും കാരണമായതായി ബാലവകാശ കമ്മീഷൻ. ബാലുശ്ശേരിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ താമസ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു കമ്മീഷൻ്റെ പ്രതികരണം. താമസിക്കാൻ അടച്ചുറപ്പില്ലാത്ത വീട് നൽകിയതിന് വീട്ടുടമക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്തിന് കമ്മീഷൻ നിർദ്ദേശം നൽകി.
പണി പൂർത്തിയാകാത്ത വീട് താമസത്തിന് വിട്ടുനൽകിയതിനെതിരെ അന്വേഷണം നടത്താനും കെട്ടിട ഉടമക്കെതിരെ നടപടികൾ സ്വീകരിക്കാനും ഉണ്ണികുളം പഞ്ചായത്തിന് കമ്മീഷൻ നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ പെൺകുട്ടിക്കും കുടുംബത്തിനും സർക്കാർ സംവിധാനത്തിൽ താമസ സൗകര്യം ഒരുക്കും.
കുട്ടിയുടെ ഇളയ സഹോദരങ്ങൾ ബന്ധു വീട്ടിൽ സുരക്ഷിതരാണെന്നും ബാലവകാശ കമ്മീഷൻ അറിയിച്ചു. വള്ളിയോത്തെ കരിങ്കൽ ക്വാറിക്ക് സമീപം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് പെൺകുട്ടിയുടെ കുടുംബത്തിന് താത്പര്യം.