തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിൻ്റെ പിഎച്ച്ഡി പ്രബന്ധത്തിൻ്റെ ആധികാരികതയും നിലവാരവും ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചതും ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി.
കൈയിൽ കിട്ടിയ നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റുകളോടെ പകർത്തിയെഴുതി പ്രബന്ധമായി സമർപ്പിച്ചാണ് മന്ത്രി കെ.ടി.ജലീൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്ന് പരാതിയിൽ പറയുന്നു. മന്ത്രിയുടെ പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനപരിശോധിക്കണമെന്ന് ആശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയിട്ടുള്ളത്. ഗവർണർ ഇത് കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ പരിശോധനക്ക് കൈമാറി.
ഗവേഷകനായ മന്ത്രിയുടെതായ സ്വന്തം കുറിപ്പുകളിലാകട്ടെ വ്യാകരണ പിശകുകളുടെ കൂമ്പാരമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രബന്ധത്തിൽ ഗവേഷകന്റെതായി മൗലികമായ സംഭാവനകൾ ഇല്ലെന്നും അക്കാദമിക വിദഗ്ധരുടെ പാനലിനെക്കൊണ്ട് ഇത് പുനർമൂല്യനിർണയത്തിനു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഗവർണറോട് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പരാതി ഗവർണർക്ക് നൽകുന്നതിന് മുൻപ് ക്യാമ്പയിൻ കമ്മിറ്റി നിയോഗിച്ച ഒരു വിദഗ്ധ സമിതിയാണ് ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകൾ കണ്ടെത്തിയത്. പ്രബന്ധങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട യുജിസി യുടെ പൊതുസൈറ്റിൽ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രബന്ധത്തിന്റെ പകർപ്പ് ലഭ്യമാക്കുകയായിരുന്നു.
മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീൽ കേരള സർവകലാശാലയിൽ നിന്ന് 2006 ൽ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ.എം.കെ രാമചന്ദ്രൻ നായർ ഇടപെട്ട് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.
തന്റെ ഗവേഷണഫലം സാധൂകരിക്കാൻ ജലീൽ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകൾ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകർത്തിയെഴുതിയതാ ണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികൾ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്.
മൂലഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണികൾക്ക് പകരം പലതവണ പകർപ്പിന് വിധേയമായവയാണ് ഉപയോഗിച്ചിരിക്കുന്നത് . അതുകൊണ്ടുതന്നെ പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്.
പ്രബന്ധത്തിൽ ഗവേഷകൻ്റേതായി മൗലീകമായ സംഭാവനകൾ ഒന്നുമില്ല. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തി ലും മുൻനിര നേതാക്കളായിരുന്ന വരെക്കുറിച്ചു് പുതുതായി ഒരു ഗവേഷണ പഠനവും നടത്തിയിട്ടില്ല.വാരിയംകുന്നുഹാജി ഈ അടുത്ത കാലത്ത് ചർച്ചവിഷയമായതിനെ തുടർന്ന് മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രബന്ധത്തിലെ 302 ഖണ്ഡികകളിലായി 622 ഉദ്ധരണികളാണ് കുത്തി നിറച്ചിരിക്കുന്നത്. അതിൽനിന്ന് ഗവേഷകൻ സ്വന്തമായി എന്താണ് സമർത്ഥി ക്കുന്നതെന്ന് പറഞ്ഞിട്ടില്ല.
അദ്ദേഹം എന്തെങ്കിലും സ്വന്തമായി പറഞ്ഞിട്ടുള്ള ആദ്യ അധ്യായത്തിലും അവസാന അദ്ധ്യായത്തിലുമുള്ള അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഗവർണർക്ക് നൽകിയ പരാതിയിൽ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. വാചകങ്ങൾ നേരായ ഘടനയിലല്ല. പ്രയോഗങ്ങളും ശൈലികളും കേട്ടുകേൾവിയില്ലാ ത്തതും അബദ്ധ ജടിലവുമാണ്. ഈ പ്രബന്ധം സർവകലാശാലയ്ക്കും അക്കാദമിക ലോകത്തിനും അപമാനമാണെന്ന് പരാതിയിൽ പറയുന്നു.
യുഡിഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചിരുന്ന വിസി യാണ് 2006 ഫെബ്രുവരിയിൽ ഡിഗ്രി അവാർഡ് ചെയ്തത്. തുടർന്ന് ജലീൽ മുസ്ലിം ലീഗിൽ നിന്ന് രാജിവച്ച് ഇടതു മുന്നണി സ്ഥാനാർർഥിയായിരുന്നു. തെരഞ്ഞെടുപ്പിൽ ഡോ.ജലീൽ എന്ന പേരിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചു. അതിനുവേണ്ടി തിരക്കിട്ട് പി എച്ച് ഡി നേടുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ജലീലിന്റെ റദ്ദായ രജിസ്‌ട്രേഷൻ വീണ്ടും നൽകി തിരക്കിട്ട് തയ്യാറാക്കി സമർപ്പിച്ച പ്രബന്ധം വിസി പെട്ടെന്ന് മൂല്യനിർണയം നടത്തിച്ചു് ബിരുദം നൽകുകയായിരുന്നു. അക്കാലത്ത് വിസിയായിരുന്ന രാമചന്ദ്രൻ നായർ ഭരണത്തിൽ വന്ന സിപിഎം സിൻ ഡിക്കേറ്റുമായി ഒത്തുചേർന്ന് അസിസ്റ്റന്റ് നിയമന തട്ടിപ്പ് നടത്തിയെന്നത് ഏറെ വിവാദമായിരുന്നു.
ഡോ ബി.ഇക്ബാൽ വൈസ് ചാൻസലർ ആയിരിന്നപ്പോഴാണ് ജലീൽ കേരള സർവകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തതത്. ഗവേഷണം തുടരാത്തതുകൊണ്ട് രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു.തുടർന്ന് അനധികൃത അസിസ്റ്റന്റ് നിയമന കേസിൽ പ്രതിയായ ഡോ. രാമചന്ദ്രൻ നായർ വിസിയായ ഉടനെ റദ്ദാക്കിയ രജിസ്‌ട്രേഷൻ വീണ്ടും അനുവദിച്ചതും സിൻഡിക്കേറ്റ് നിലവിലി ല്ലായിരുന്നപ്പോൾ മൂല്യനിർണയം നടത്തി ഡോക്ടറേറ്റ് സമ്മാനിച്ചതും ദുരൂഹമാണെന്ന്
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും, സെക്രട്ടറി എം. ഷാജർഖാനും പ്രസ്താവനയിൽ ആരോപിച്ചു.