ന്യൂഡെല്‍ഹി: ഒന്നര മണിക്കൂറിനുള്ളില്‍ കൊറോണ പരിശോധനാഫലം അറിയുന്ന കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ ഏറ്റവും ആധികാരികമെന്ന് കരുതുന്ന പിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണു പുതിയ കിറ്റ്. കിറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ഒരു മാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കും. പരിശോധന നടത്താന്‍ ചെലവേറിയ ഉപകരണങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ തന്നെ കൂടുതല്‍ ലാബുകള്‍ക്ക് ഇനിമുതല്‍ കൊറോണ പരിശോധന ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാറ്റയും സര്‍ക്കാരും സംയുക്തമായി വികസിപ്പിച്ച ഈ സ്രവ പരിശോധനാ കിറ്റ്, ആന്റിജന്‍ പരിശോധനയേക്കാള്‍ കൃത്യമാണെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെപ്റ്റംബറില്‍ അറിയിച്ചിരുന്നു. പരിശോധന നടത്തി ഒന്നര മണിക്കൂറിനുള്ളില്‍ ഫലമറിയാം.