പറ്റ്‌ന: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കുന്നതിന് മുമ്പ് അണിയറ നീക്കങ്ങളുമായി മഹാസഖ്യവും എൻഡിഎ യും. ബിഹാറില്‍ മഹാസഖ്യം വിജയം നേടുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങൾ എൻഡിഎ സഖ്യത്തിൽ ആശങ്ക പടർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വേണ്ടിവന്നാൽ ഭരണം പിടിക്കാൻ ചില കരുനീക്കങ്ങൾ നടത്താൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപിയും നിതീഷ് കുമാറും.
കൊറോണ പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യവും ബിഹാര്‍ തെരഞ്ഞെടുപ്പ് നേടിയിരുന്നു. നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രചാരണത്തിനിടയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട ചിരാഗ് പാസ്വാൻ തന്നെയാകും എൻ ഡി എയുടെ അവസാന പിടിവള്ളി . ചിരാഗിനെ മുൻനിർത്തി സ്വതന്ത്ര എം എൽഎമാരെ പാട്ടിലാക്കുള്ള നീക്കം എൻ ഡിഎ നടത്തുമെന്നാണ് അറിയുന്നത്.
എക്‌സിറ്റ്‌പോള്‍ ഫലത്തിന്റെ മധുരത്തിനിടെ, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന് ഇന്ന് പിറന്നാള്‍ മധുരം. അതേസമയം ആഘോഷങ്ങള്‍ കൈവിട്ടുപോകരുതെന്ന് പ്രവര്‍ത്തകര്‍ക്ക് ആര്‍ജെഡി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ബി ജെ പി ശ്രമിച്ചാൽ നേരിടുമെന്നാണ് കോൺഗ്രസിൻ്റെ മുന്നറിയിപ്പ്.
ബിഹാറിലെ 243 സീറ്റുകളാണ് വിധിയെഴുതിയത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 56.19 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നാളെ രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്.