ബിലീവേഴ്സ് ചർച്ച്‌ ഫണ്ട് തിരിമറി; അന്വേഷണം വ്യാപിപ്പിക്കാൻ ആദായനികുതി വകുപ്പ്

തിരുവല്ല: ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ മൂന്ന് ദിവസമായി നടത്തിയ റെയ്ഡ് പൂർത്തിയായതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ ആദായനികുതി വകുപ്പ്. ആദായനികുതി വകുപ്പിന്റെ പ്രഥമിക പരിശോധനയിൽ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിക്കഴിഞ്ഞു.

റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറിൽ നിന്നും ബാക്കി തുക ഡെൽഹിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുമാണ് പിടിച്ചെടുത്തത്.

പരിശോധനയുടെ ആദ്യ ദിനം സഭയുടെ വക്താവും മെഡിക്കൽ കോളേജിന്റെ മാനേജറുമായ ഫാ. സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോൺ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എടുത്തിരുന്നു. എന്നാൽ ഫോൺ പരിശോധിക്കുന്നതിനും തിനിടെ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി ഫോൺ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഫ്ളഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകർന്ന ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പിടിച്ച ഫോണിൽ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. ഇത് കൂടാതെ മറ്റൊരു തെളിവായ പെൻഡ്രൈവ് നശിപ്പിക്കാനുള്ള ജീവനക്കാരിയുടെ ഭാഗത്ത് നിന്നുള്ള ശ്രമവും ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് തടഞ്ഞു.

ആറായിരം കോടി രൂപ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്സ് ചർച്ചിന് സഹായമായി ലഭിച്ചതെന്നാണ് കണ്ടെത്തൽ. ഈ പണം റിയൽ എസ്റ്റേറ്റ് കൺസ്ട്രെഷൻ മേഖലകളിലേക്ക് വകമാറ്റി ചിലവഴിച്ചുവെന്നാണ് കണ്ടെത്തൽ. പണത്തിൻ്റെ വിശദാംശങ്ങൾ അറിയാൻ ബിലിവേഴ്സ് ചർച്ച് സ്ഥാപകൻ ബിഷപ്പ് കെപി യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാ. ഡാനിയൽ വർഗീസിനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.