ജയ്പുർ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി മോദിയെ ഉപദേശിച്ചത് വളരെ ശരിയായിരുന്നുവെന്നാണ് യുഎസ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് ഗെഹ് ലോട്ട് പറഞ്ഞു.
അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടുന്നത് പ്രധാനമന്ത്രി മോദി ഒഴിവാക്കേണ്ടിയിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോടും രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ ഉപദേശത്തിനും കൊറോണ പ്രതിരോധം സംബന്ധിച്ച നിഗമനങ്ങൾക്കും അന്ന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടുവെന്നും ഗെഹ് ലോട്ട് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഈ വർഷം ആദ്യം ഇന്ത്യയിലെത്തുകയും ഗുജറാത്തിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 2019 ൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെത്തി ടെക്സാസിൽ നടന്ന ഹൗഡി മോദി ചടങ്ങിലും സംബന്ധിച്ചിരുന്നു.
ഇരുനേതാക്കളുടെയും ജനപ്രീതി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പരിപാടികളെന്ന വിമർശം ഉയർന്നിരുന്നു. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്ന രാഹുലിന്റെ ഉപദേശം ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്ന് അവകാശപ്പെട്ടാണ് ഗെഹ് ലോട്ട് രംഗത്തെത്തിയിട്ടുള്ളത്.