പോർട്ട്‌ബ്ലെയർ : ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ വിദേശ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. ബോട്ടിൽ നിന്നും മ്യാന്മർ പൗരന്മാരായ 12 പേരെയാണ് പിടികൂടിയത്. ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരെ പോർട്ട് ബ്ലെയറിലെത്തിച്ചതായി ബോട്ട് കോസ്റ്റ് ഗാർഡ്
ഉദ്യോഗസ്ഥർ അറിയിച്ചു. ബോധപൂർവ്വമായാണോ അതിർത്തി ലംഘിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.
ഇതിന് മുൻപും ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചതിന് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തിരുന്നു. മത്സ്യബന്ധനം നടത്തിയ ആറ് പേരെയാണ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കാരൈക്കലിൽ നിന്ന് 75 നോട്ടിക്കൽ മൈൽ അകലെയുള്ള ശ്രീലങ്കൻ കപ്പൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടെത്തിയത്.
ലിറ്റിൽ ആൻഡമാനിൽ നിന്ന് 125 നോട്ടിക്കൽ മൈൽ കിഴക്കായി കഴിഞ്ഞ വർഷം മ്യാൻമറീസ് ബോട്ടും കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു.