കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എംഎൽഎ എംസി ഖമറുദ്ദീൻ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതിയെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൂക്കോയ തങ്ങൾ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഉർജിതമാക്കിയിട്ടുണ്ട്. രണ്ട് പ്രതികൾക്കും കേസിൽ തുല്യപങ്കാളിത്തമാണുള്ളത്.
എംഎൽഎ എന്ന സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു.
അറുപതോളം സാക്ഷികളെ ഇതുവരെ ചോദ്യം ചെയ്തു. നിക്ഷേപകർക്കുള്ള കരാർ ആണ് തെളിവുകളായി ലഭിച്ചിരിക്കുന്നത്. മാസം തോറും ലാഭവിഹിതം നൽകാമെന്നും മുൻകൂർ ആവശ്യപ്പെട്ടാൽ പണം തിരികെ നൽകാമെന്നും കരാറിൽ പറയുന്നു. എന്നാൽ കരാറിൽ എഴുതിയ പ്രകാരം നടപടികളുണ്ടായിട്ടില്ല.
വഞ്ചനാക്കുറ്റത്തിന് ഐപിസി 420 പ്രകാരവും വിശ്വാസവഞ്ചനയ്ക്ക് ഐപിസി 406 പ്രകാരവും പൊതുപ്രവർത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 409 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നത് പ്രകാരവും ഖമറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുകേസിൽ എം.സി. ഖമറുദ്ദീൻ എംഎൽഎയെ ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ മൂന്നുകേസുകളിലാണ് നിലവിൽ അറസ്റ്റ്.
ആകെയുള്ള 115 കേസിൽ എസ്.ഐ.ടി. അന്വേഷിക്കുന്ന 77 കേസുകളിലായി ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജൂവലറി 13 കോടിയുടെ തട്ടിപ്പുനടത്തിയത് തെളിഞ്ഞിട്ടുണ്ട്.