ന്യൂഡെല്‍ഹി: കർഷക പ്രക്ഷോഭം വെറുതെയുള്ളതല്ലെന്ന് കാര്‍ഷികനിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവ്. എസ്‌എഡി– ബിജെപി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സുര്‍ജിത്കുമാര്‍ ജ്യാനിയാണ് കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഇത് കരിനിയമമാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. അവരുടെ പരാതി കേള്‍ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും പാര്‍ടി നേതൃത്വത്തിനുമുണ്ട്.
മോഡിയും അമിത് ഷായും നദ്ദയും കര്ഷകരോട് സംസാരിക്കണം. ഒരുമാസത്തിലേറെയായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. 35 കൊല്ലമായി താന്‍ ബിജെപിയിലുണ്ടെന്നും ഇത്രയും മോശം സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.‘രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പുറത്താക്കിയാല്‍ എനിക്ക് പരാതിയില്ല. പാര്‍ട്ടി നേതൃത്വത്തോട് ഞാന്‍ അപേക്ഷിക്കുകയാണ്.-
ദൈവത്തെ ഓര്‍ത്ത് കര്‍ഷരോട് ഒന്നുസംസാരിക്കൂ. ഇല്ലെങ്കില് വലിയ ഭവിഷ്യത്ത് ഉണ്ടാകും” –-സുര്‍ജിത്കുമാര്‍ ജ്യാനി പൊട്ടിത്തെറിച്ചു. കര്‍ഷകരെ അനുനയിപ്പിക്കാന്‍ ബിജെപി രൂപീകരിച്ച സമിതിക്ക് നേതൃത്വം നല്‍കുന്നത് സുര്‍ജിത്കുമാര്‍ ജ്യാനിയാണ്. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി സംസ്ഥാനനേതാക്കൾ രംഗത്തെത്തി.