പുതിയ മേധാവി ചുമതലയേറ്റു; എൻഫോഴ്സ്മെന്റ് കൂടുതൽ സജീവമാകും

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ന് കൊച്ചിയിൽ പുതിയ മേധാവി. ഇഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോഡ്റ ചുമതലയേറ്റു. മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ലൈഫ് മിഷൻ, സ്വർണക്കടത്ത്, കള്ളപ്പണ ഇടപാടുകൾ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് ഇനി അദ്ദേഹം നേതൃത്വം നൽകും.

സംസ്ഥാനത്തെ ഇ.ഡി അന്വേഷണങ്ങൾ ഊർജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ പുതിയ ജോയിന്റ് ഡയറക്ടറെ കേന്ദ്ര സർക്കാർ നിയമിച്ചിട്ടുള്ളത്. നേരത്തെ കൊച്ചിയിൽ ഇഡിക്ക് ജോയിന്റ് ഡയറക്ടർ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം സ്ഥലമാറി പോയശേഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു
അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിവന്നത്.

ചെന്നൈയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നു കൊച്ചിയിലെ പ്രവർത്തനങ്ങൾ. എന്നാൽ കൊച്ചിയിൽ ജോയിന്റ് ഡയറക്ടർ വേണമെന്ന ആവശ്യം സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിനിടെ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് നിയമനം.