തിരുവനന്തപുരം: തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ- ബിനീഷ് കോടിയേരി സംഭവത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വ്യക്തിക്കെതിരായ ആരോപണത്തില്‍ അന്വേഷിക്കുവാനുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഇപ്പോള്‍ ആരോപണം മാത്രമാണുള്ളത്. അന്വേഷണം നടക്കട്ടെ. കോടതി കാര്യങ്ങള്‍ കഴിയട്ടെ. അപ്പോള്‍ മാത്രമേ നിജസ്ഥിതി അറിയാന്‍ കഴിയുകയുള്ളു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിനെതിരായ ബോധപൂര്‍വമായ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ബിജെപിക്കു പിന്തുണ നല്‍കുകയാണ്. ഇതിനെതിരായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിനീഷിനെതിരായത് ഒരു വ്യക്തിക്കെതിരായ പരാതിയാണ്. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളല്ല, പൊതുപ്രവര്ത്തകനുമല്ല. പാര്‍ട്ടി എന്ന നിലയില്‍ കേസില്‍ ഇടപെടില്ല. അന്വേഷണ ഏജന്‍സികള്‍ക്കെതിരേ പരാതി ഉണ്ടെങ്കില്‍ അതു പറയാനും ബന്ധപ്പെട്ടവരെ സമീപിക്കാനും കുടുംബാംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്നു ബിജെപിക്ക് അറിയാം. അതുകൊണ്ട് കേന്ദ്ര ഏജന്‍സികളെ ഇടപെടുവിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കു വ്യക്തമായ സന്ദേശമാണ് അവര്‍ നല്‍കുന്നത്.
ബിജെപി മുഖപത്രത്തിലെ വാര്‍ത്തയാണ് അന്വേഷണ ഏജന്‍സികളുടെ പിറ്റേദിവസത്തെ എഫ്ഐആര്‍.ലൈഫ് പദ്ധതി, കെഫോണ്‍, ഇമൊബിലിറ്റി തുടങ്ങി സംസ്ഥാനത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ പദ്ധതികളിലെല്ലാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുകയാണ്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ അധികാരം ഇഡി ഏറ്റെടുക്കുകയാണ്.
റോബര്‍ട്ട് വധേരയ്ക്കും പി. ചിദംബരത്തിനും ഡി.കെ. ശിവകുമാറിനുമെല്ലാമെതിരേ ഇഡി നടത്തിയ അന്വേഷണവും അറസ്റ്റും രാഷ്ട്രീയപ്രേരിതമായിരുന്നു എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു വിധേയത്വം ഹൈക്കമാന്ഡിനോടല്ല, ബിജെപിയോടാണെന്നും കോടിയേരി ആരോപിച്ചു.