കൊല്‍ക്കത്ത: കൊറോണ ഭീതിയൊഴിഞ്ഞയുടനെ വിട്ടുവീഴ്ചയില്ലാതെ പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു തങ്ങളുടെ ചുമതലയാണ്. ‘പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കൊറോണ കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സിഎഎ.
മമതയും കോൺഗ്രസും ബിഎസ്പിയുമെല്ലാം സിഎഎയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണെന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തിൽ രണ്ട് ദിവസത്തെ പശ്ചിമ ബംഗാൾ പര്യടനത്തിന് എത്തിയതായിരുന്നു അമിത് ഷാ.
പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് സിഎഎ എന്നും അമിത് ഷാ പറഞ്ഞു.സംസ്ഥാന തെരഞ്ഞെടുപ്പില്‍ പൗരത്വ ഭേദഗതി നിയമവും പ്രചാരണ വിഷയമാക്കുമെന്ന സൂചനയാണ് അമിത് ഷാ നൽകുന്നത്.
ബംഗാളി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ തദ്ദേശീയര്‍ക്കിടയില്‍ വികാരമുണ്ടാക്കുകയും അത് ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിൽ വോട്ടാക്കി മാറ്റാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരത്തെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും സിഎഎ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.