പട്ന: ബിഹാർ തെരഞ്ഞെടുപ്പിെൻറ അവസാനത്തേയും മൂന്നാമത്തേയും ഘട്ടം വോട്ടെടുപ്പ് തുടങ്ങി. വൈകീട്ട് ആറ് വരെയാണ് പോളിംഗ്.വടക്കൻ ബിഹാറിലെ 78 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മഹാദളിതുൾപ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും മുസ്ലീം വോട്ടുകളും നിർണ്ണായകമായ സീമാഞ്ചൽ, മിഥിലാഞ്ചൽ, ചമ്പാരൻ മേഖലകളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്.
1204 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. ജെഡിയു 37, ആർജെഡി 46, ബിജെപി 35, കോൺഗ്രസ് 25 സീറ്റുകളിലും ഇടത് പാർട്ടികൾ 7 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടയിൽ രാജ്യത്ത് ഒരു സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ബിഹാറിലെ തെരഞ്ഞെടുപ്പിനുണ്ട്.
പപ്പുയാദവ്, ശരത് യാദവിന്റെ മകൾ സുഹാസിനി യാദവ്, അടക്കമുള്ള പ്രമുഖർ ഈ ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. നവംബർ 10നാണ് വോട്ടെണ്ണൽ. ഒക്ടോബർ 28, നവംബർ മൂന്ന് തീയതികളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്.
ഭരണവിരുദ്ധ തരംഗം അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് 15 വർഷമായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാർ. നിതീഷിനെ തറപറ്റിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോൺഗ്രസടക്കം ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം. നേരത്തേ രണ്ടു ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. ഈ മാസം പത്തിനാണ് വോട്ടെണ്ണൽ.