കൊച്ചി: ഉത്ര വധക്കേസിൽ പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണയ്ക്ക് മുന്നോടിയായി ജയിലിന് പുറത്ത് മൂന്നു ദിവസം അഭിഭാഷകനുമായി ചർച്ച നടത്താൻ അവസരം നൽകണം എന്നും കോടതി പറഞ്ഞു. നവംബർ 13 മുതൽ മൂന്നു ദിവസത്തേയ്ക്കാണ് അനുമതി. ഓരോ ദിവസവും അഭിഭാഷകനുമായി ചർച്ച നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകണം.
കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സൂരജ് മാത്രമാണ് പ്രതി. പാമ്പിനെ ഉപയോഗിച്ച് കൊലനടത്തുന്നതിനായി സൂരജ് വിഷപാമ്പുകളെ കുറിച്ച് പഠനം വരെ നടത്തിയിരുന്നു. ചിറക്കര സ്വദേശിയും പാമ്പുപിടുത്തകാരനുമായ സുരേഷിന്‍റെ കയ്യില്‍ നിന്നാണ് പാമ്പുകളെ വാങ്ങിച്ചത്.
ഏപ്രില്‍ രണ്ടിന് അടൂരിലെ വീട്ടില്‍ വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷെ ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് ചികിത്സയില്‍ ആയിരിക്കുമ്പോള്‍ മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്‍പിക്ക് പരാതി നല്‍കി. അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
മെയ് 24ന് സൂരജിനെ അറസ്റ്റ് ചെയ്തു. തെളിവ് സംഘടിപ്പിക്കുന്നതിന് വേണ്ടി വിദഗ്ദ സമിതിയെ നിയോഗിച്ചു. ഡമ്മിപരിശോധന നടത്തി.
വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന്‍റെ കുറ്റപത്രം കഴിഞ്ഞ ഓഗസ്റ്റ് 14ന് സമര്‍പ്പിച്ചു.