കാമാഖ്യ ക്ഷേത്രഗോപുരം സ്വര്‍ണം പൂശുന്നു; 20 കിലോ സ്വര്‍ണം നല്‍കി മുകേഷ് അംബാനി

ഗുവാഹത്തി: അസമിലെ പ്രധാന ക്ഷേത്രമായ ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്ര​ഗോപുരം സ്വര്‍ണം പൂശുന്നു. ഉതിനായുള്ള 20 കിലോ സ്വര്‍ണം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് നല്‍കി . ഗോപുരത്തിന്റെ മുകള്‍ ഭാഗം നേരത്തെ സ്വര്‍ണം പൂശിയിരുന്നു. ബാക്കി ഭാഗമാണ് സ്വര്‍ണം പൂശുന്നത്.

ജോലികള്‍ കഴിഞ്ഞതിന് ശേഷം മുകേഷ് അംബാനി ക്ഷേത്രം സന്ദര്‍ശിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. സ്വര്‍ണം പൂശുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. റിലയന്‍സ് തന്നെയാണ് ജോലികള്‍ക്കായുള്ള എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തിയത്.

കഴിഞ്ഞ തവണ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മുകേഷ് അംബാനി സ്വര്‍ണം വാഗ്ദാനം ചെയ്തത്. ക്ഷേത്രത്തിന്റെ മുകള്‍ഭാഗം സ്വര്‍ണം പൂശാനുള്ള ചെലവ് താന്‍ വഹിക്കാമെന്ന് മുകേഷ് അംബാനി ക്ഷേത്ര മാനേജ്‌മെന്റിന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പണി തുടങ്ങിയത്.

സ്വര്‍ണ പൂശുന്ന പശ്ചാതലത്തിൽ കനത്ത സുരക്ഷയും ക്ഷേത്രത്തിന് ഒരുക്കിയിട്ടുണ്ട്. ദീപാവലിക്ക് ജോലികള്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.