മരട് ഫ്ലാറ്റ്; നഷ്ടപരിഹാര തുക അടച്ചില്ലെങ്കിൽ വസ്തുക്കൾ ലേലം ചെയ്യും: നിർമ്മാതാക്കൾക്ക് സുപ്രീംകോടതിയുടെ താക്കീത്

ന്യൂഡെൽഹി: മരട് ഫ്ലാറ്റ് പൊളിച്ച കേസിൽ നഷ്ടപരിഹാര തുക അടച്ചില്ലെങ്കിൽ കണ്ടുകെട്ടിയ വസ്തുക്കൾ ലേലം ചെയ്യാൻ അനുമതി നൽകുമെന്ന് ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ കാലാവധി നീട്ടിനൽകിയ കോടതി കേസ് ഡിസംബറിലേക്ക് മാറ്റിവെച്ചു.

മരട് കേസിൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നും പണം അടക്കാതിരുന്നാൽ കണ്ടുകെട്ടിയ വസ്തുക്കൾ ലേലം ചെയ്യുന്നതിന് അനുമതി നൽകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ അനധികൃതമായി ഫ്ലാറ്റുകള്‍ നിർമ്മിക്കാൻ അനുമതി നല്‍കിയവർക്കെതിരെയും നടപടി ഉണ്ടാകണമെന്ന് ഫ്ലാറ്റ് നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് കോടതിയിൽ അറിയിച്ചു.

അതേസമയം നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനായി രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ കാലാവധി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് റപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സൗരവ് അഗര്‍വാളാണ് അമിക്യസ് ക്യൂറി. ഡിസംബറില്‍ വാദം കേട്ട് കേസ് അവസാനിപ്പിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.