ന്യൂഡല്‍ഹി: കര, നാവിക, വ്യോമസേനകളില്‍ നിന്ന് നേരത്തേ വിരമിക്കുന്നവര്‍ക്ക് ഇനി പൂര്‍ണ പെന്ഷന് തുക കിട്ടില്ല. അതനുസരിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സൈനിക സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ മുന്നോട്ട്. ഉയര്‍ന്ന പദവികളില്‍ പെന്ഷന് പ്രായം കൂട്ടിയേക്കും.
35 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രം മുഴുവന്‍ പെന്ഷന് നല്കിയാല് മതിയെന്ന നിര്‍ദേശമാണ് അന്തിമഘട്ടത്തില്‍. സേനയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക്, അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളമാണ് ഇപ്പോള്‍ പെന്ഷന്.
എന്നാല്‍, 25 വര്‍ഷത്തില്‍ താഴെ മാത്രം സര്‍വിസുള്ളവര്‍ പിരിഞ്ഞാൽ അർഹതപ്പെട്ട തിന്റെ 50 ശതമാനം നല്കിയാല് മതിയെന്നാണ് നിര്‍ദേശം.
26 വര്‍ഷം മുതല്‍ 30 വര്‍ഷം വരെ സര്‍വിസുള്ളവര്‍ക്ക് അര്ഹതപ്പെട്ടതിൻ്റെ 60 ശതമാനവും 31 മുതല്‍ 35 വര്‍ഷമാണ് സര്വിസെങ്കിൽ 75ശതമാനവും പെന്ഷന് നല്‍കാനുള്ള നിര്‍ദേശത്തിന് സര്‍ക്കാറില്‍ നിന്ന് അനുമതി നേടാന്‍ ആവശ്യമായ നടപടി മുന്നോട്ടുനീക്കാന്‍ മൂന്നു സേനാവിഭാഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കരസേനയില്‍ കേണല്‍മാര്‍ക്കും തത്തുല്യ പദവി വഹിക്കുന്നവര്‍ക്കും പെന്‍ഷന്‍പ്രായം 54ല്‍ നിന്ന് 57 ആക്കും. ബ്രിഗേഡിയറുടെ പെന്ഷന് പ്രായം 56ല്‍ നിന്ന് 58ലേക്ക്. മേജര്‍ ജനറലിന്റെ കാര്യത്തില്‍ 58ല്‍ നിന്ന് 59ലേക്ക്. നാവിക, വ്യോമ സേനകളിലും സമാന പദവിയുള്ളവരുടെ ഈ രീതിയില്‍ പെന്ഷന് പ്രായം ഉയര്‍ത്തും.
കാര്യക്ഷമത കൂട്ടാനും മനുഷ്യവിഭവ ശേഷിയുടെ പരമാവധി വിനിയോഗത്തിനുമാണ് ഭേദഗതികളെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, സേനയില്‍ നിന്ന് പിരിയുന്ന പ്രവണത വര്‍ധിക്കുന്നത് തടയാനും പെന്ഷന് ചെലവ് നിയന്ത്രിക്കാനുമാണ് പുതിയ നീക്കമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. നടപ്പു സാമ്ബത്തിക വര്‍ഷത്തെ പ്രതിരോധ ബജറ്റ് 4.71 ലക്ഷം കോടി രൂപയാണെങ്കില്‍, അതില്‍ 1.33 ലക്ഷം കോടി പെന്ഷന് തുകയാണ്.