തിരുവനന്തപുരം: ബി ജെ പിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പൊട്ടിത്തെറിയുടെ വക്കിൽ. പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. പാർട്ടിയിൽ ജനാധിപത്യം നഷ്ടപ്പെട്ടെന്നും ഗ്രൂപ്പിസത്തിന് ശക്തി പകരുന്ന നിലയിലാണ് പ്രസിഡൻ്റിൻ്റെ നടപടികളെന്നുമാണ് പരാതി. മുതിർന്ന നേതാക്കളെ ഉൾപ്പെടെ അകറ്റിനിർത്തുന്നതായും അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്നും പരാതിയിൽ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ അസംതൃപ്തരായ നേതാക്കൾ യോഗം ചേർന്നതിന് പിന്നാലെ ശോഭ സുരേന്ദ്രൻ പ്രസിഡൻറിനെതിരെ പരസ്യപ്രസ്താവനയുമായി എത്തിയതോടെയാണ് പടലപ്പിണക്കം മറനീക്കിയത്. മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹകസമിതി അംഗവുമായ പി.എം. വേലായുധനും മുൻ ജനറൽ സെക്രട്ടറി കെ.പി. ശ്രീശനും പിന്നാലെ പ്രസ്താവനയുമായി രംഗത്തെത്തി.
തദ്ദേശതെരഞ്ഞെടുപ്പ്ടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ആഭ്യന്തരപ്രശ്നങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. സുരേന്ദ്രന് ഗ്രൂപ് കളിക്കുകയാണെന്നും ഒരുവിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടി കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നുമുള്ള പരാതിയാണ് 24 നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കും അമിത് ഷാക്കും അയച്ചത്. പ്രാദേശിക തലത്തിൽ അസംതൃപ്തരെ സംഘടിപ്പിച്ച് വീണ്ടും പരാതി ഉന്നയിക്കാനും നീക്കമുണ്ട്.
ശോഭ സുരേന്ദ്രനാണ് ആദ്യം പരാതി നൽകിയത്. പിന്നാലെ വേലായുധനും എത്തി.ഇതിനുശേഷമാണ് കെ.പി. ശ്രീശനും പരസ്യവിമര്‍ശനമുന്നയിച്ചത്. പുതിയ വിവാദങ്ങളിൽ സുരേന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.