പ്രതിമ മാറി ഹാരാർപ്പണം ; കേന്ദ്രമന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിനിടെ വിവാദം


കൊൽക്കത്ത: കേന്ദ്രമന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിനിടെ വിവാദം. തെറ്റായ പ്രതിമയിലാണ് അമിത് ഷാ പുഷ്പാർച്ചന നടത്തിയതെന്ന് ആരോപണമുയർന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദിവാസി നേതാവ് ബിർസമുണ്ടയുടെ പ്രതിമയിൽ നടത്തിയ പുഷ്പാർച്ചനയാണ് വിവാദത്തിലായത്.ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള ബൻകുറ ജില്ല സന്ദർശിക്കുന്നതിനിടെയാണ് വിവാദമുണ്ടായതത്.

അമിത് ഷാ പുഷ്പാർച്ചന നടത്തിയത് ബിർസാമുണ്ടയുടെ പ്രതിമയിലല്ലെന്ന് ആദിവാസി നേതാക്കൾ ചൂണ്ടിക്കാട്ടി. ബിർസാമുണ്ടയുടെ പ്രതിമയെന്ന് തെറ്റിദ്ധരിച്ച് ആദിവാസി വേട്ടക്കാരന്റെ പ്രതിമയിലാണ് അമിത് ഷാ പുഷ്പാർച്ചന നടത്തിയതെന്ന് ഇവർ ആരോപിച്ചു. എന്നാൽ പ്രതിമക്ക് താഴെ ബിർസാമുണ്ടയുടെ ഛായചിത്രമുണ്ടായിരുന്നെന്നും അതിലാണ് അമിത് ഷാ പുഷ്പാർച്ചന നടത്തിയതെന്നും ബിജെപി വിശദീകരിച്ചു.

സംഭവത്തിൽ അമിത് ഷാക്കെതിരെ തൃണമൂൽ കോൺഗ്രസും ആദിവാസി നേതാക്കളും രംഗത്തെത്തി. അമിത് ഷാ ബിർസാമുണ്ടയെ അപമാനിച്ചെന്ന് ആദിവാസി സംഘടന ഭാരത് ജഗത് മാഞ്ചി പർഗണ മഹൽ ഭാരവാഹികൾ ആരോപിച്ചു. ചിലർ ഗംഗാജലമുപയോഗിച്ച് പ്രതിമ ശുദ്ധിയാക്കി. കേന്ദ്രമന്ത്രി അമിത് ഷാ ബംഗാൾ സംസ്‌കാരത്തെ അപമാനിച്ചെന്നും തെറ്റായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ബിർസാമുണ്ടയെ അപമാനിച്ചെന്നും തൃണമൂൽ ട്വീറ്റ് ചെയ്തു.